Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

ജിഷ്ണുവിന്റെ കുടുംബത്തെ പരിഹസിച്ച് വീണ്ടും എംഎം മണി; പത്ത് ലക്ഷം തിരികെ തരുന്നത് ചെന്നിത്തലയുടെ സഹായത്തോടെ

$
0
0

തിരുവനന്തപുരം: ജിഷ്ണു പ്രണോയ്‌യുടെ കുടുംബത്തിനെതിരെ പരിഹാസശരവുമായി വീണ്ടും വൈദ്യുതിമന്ത്രി എം.എം.മണി. സര്‍ക്കാര്‍ നല്‍കിയ 10 ലക്ഷം രൂപ തിരിച്ചു കൊടുക്കുമെന്നു പറയുന്നത് രമേശ് ചെന്നിത്തല സഹായിക്കുമെന്നു പറഞ്ഞതുകൊണ്ടാകുമെന്ന് മണി പറഞ്ഞു. ജിഷ്ണു കേസില്‍ നീതി ലഭിച്ചില്ലെങ്കില്‍ പണം മടക്കി നല്‍കുമെന്ന് അച്ഛന്‍ അശോകന്‍ ഇന്ന് പറഞ്ഞിരുന്നു. മകന്റെ ജീവന് പത്ത് ലക്ഷം രൂപയിലും വിലയുണ്ടെന്നും നീതി ലഭിച്ചെങ്കില്‍ ഈ തുക സര്‍ക്കാരിന് തിരികെ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനെ പരിഹസിച്ചുളളതാണ് മണിയുടെ വാക്കുകള്‍.

ജിഷ്ണുവിന്റെ അമ്മ മഹിജയെയും മണി നേരത്തെ പരിഹസിച്ചിരുന്നു. കേസിലെ മുഴുവന്‍ പ്രതികളേയും പിടിച്ച ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ കാണാന്‍ വന്നാല്‍ മതിയെന്നാണ് മഹിജ പറഞ്ഞിട്ടുളളത്. ചിലര്‍ പറയുന്ന പോലെ മഹിജയെ ആശ്വസിപ്പിക്കാന്‍ മുഖ്യമന്ത്രി പോയാല്‍ അവര്‍ വാതില്‍ അടച്ചിട്ട് കാണാന്‍ സൗകര്യമില്ലെന്നു പറയും. പിന്നെ അതിലും വലിയ പണിയാവുമെന്നും മണി പറഞ്ഞിരുന്നു. മലപ്പുറം ഉപതിരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ സംസാരിക്കവേയായിരുന്നു മണിയുടെ അധിക്ഷേപം.

മഹിജ ആര്‍എസ്എസിന്റെയും ബിജെപിയുടെയും യുഡിഎഫിന്റെയും കൈകളിലെന്നും മണി ആരോപിച്ചിരുന്നു. ജിഷ്ണു പ്രണോയ് മരിച്ച കേസില്‍ നീതി തേടിയെത്തിയ അമ്മ മഹിജയെ തലസ്ഥാനത്തു ഡിജിപി ഓഫിസിനു മുന്നിലെ തെരുവില്‍ പൊലീസ് വലിച്ചിഴച്ചിരുന്നു. ഇതില്‍ വിവിധ കോണില്‍നിന്നും പ്രതിഷേധം ശക്തമാകുന്നതിനിടെയായിരുന്നു എം.എം.മണിയുടെ വിവാദ പ്രസ്താവന.

തൃശൂര്‍ പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥി ജിഷ്ണു മരിച്ചു മൂന്നു മാസമാകുമ്പോഴും മുഴുവന്‍ പ്രതികളെയും പിടികൂടാത്തതില്‍ പ്രതിഷേധിക്കാനാണു കുടുംബം ഡിജിപി ഓഫിസില്‍ എത്തിയത്. എന്നാല്‍ ജിഷ്ണുവിന്റെ മാതാപിതാക്കളെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും ബലം പ്രയോഗിച്ചു നീക്കാന്‍ പൊലീസ് ശ്രമിച്ചതോടെ സ്ഥിതി വഷളായി. തളര്‍ന്നു വീണ മഹിജയെ ഒടുവില്‍ പൊലീസ് തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

The post ജിഷ്ണുവിന്റെ കുടുംബത്തെ പരിഹസിച്ച് വീണ്ടും എംഎം മണി; പത്ത് ലക്ഷം തിരികെ തരുന്നത് ചെന്നിത്തലയുടെ സഹായത്തോടെ appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20534

Trending Articles