Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

കോടതി ഉത്തരവിനാല്‍ വീട്ടില്‍ നിന്ന് ഇറക്കപ്പെട്ട അമ്മയ്ക്കും മകള്‍ക്കും കൈത്താങ്ങായി മലയാളി സുമനസ്സുകള്‍; നന്മ മരം തളിരിടുന്നത് രണ്ട് സ്ത്രീ ജീവിതങ്ങളുടെ രക്ഷക്ക്

$
0
0

കോടതി ഉത്തരവിനെ തുടര്‍ന്ന് ആകെയുണ്ടായിരുന്ന തകര്‍ന്ന് വീഴാറായ വീട് വിട്ടിറങ്ങേണ്ടി വന്ന അമ്മയ്ക്കും മകള്‍ക്കും മലയാളികളുടെ കൈത്താങ്ങ്. ഇന്നലെയാണ് കോടതി ഉത്തരവിനെ തുടര്‍ന്ന് ബബിതയ്ക്കും മകള്‍ സൈബയ്ക്കും വീച്ചില്‍ നിന്നും ഇറങ്ങേണ്ടിവന്നത്. അസുഖബാധിതയായി കിടക്കുന്ന ബബിതയെ കിടക്കയെടെ എടുത്ത് പുറത്തേയ്ക്ക് കൊണ്ടുപോകുന്ന ചിത്രം ആരുടെയും കണ്ണ് നനയിക്കുന്നതായിരുന്നു. ബബിതയുടെ ദുരിത കഥ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇന്നലെ രാവിലെ മുതല്‍ ബബിതയെ കാണാനും സഹായം നല്‍കാനുമായി നൂറുകണക്കിന് ആളുകളാണ് കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെത്തിയത്.

അമ്മയും മകളും താമസിച്ചിരുന്ന ഒറ്റമുറി വീട് കോടതി ഉത്തരവിനെത്തുടര്‍ന്നു പൊലീസി ഒഴിപ്പിക്കേണ്ടി വന്നതാണ് ദുരവസ്ഥയ്ക്ക് കാരണം. കുടുംബസ്വത്തു സംബന്ധിച്ച തര്‍ക്കമാണ് വിനയായത്. വില്ലാനായി എത്തിയത് ഭര്‍തൃസഹോദരന്‍ നല്‍കിയ കേസും. പൂതക്കുഴി തൈപ്പറമ്പില്‍ ബബിത ഷാനവാസ് (44), മകള്‍ സൈബ (14) എന്നിവര്‍ക്കാണ് തെരുവിലേക്ക് ഇറങ്ങേണ്ടി വന്നത്.. കാഞ്ഞിരപ്പള്ളി മുന്‍സിഫ് കോടതിയുടെ ഉത്തരവിലാണു നടപടി. ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ് സ്ഥലത്തെത്തിക്കും മുന്‍പേ വീട് ഒഴിപ്പിക്കുകയായിരുന്നു. ആരുമില്ലാത്ത കുടുംബം ഇതോടെ തെരുവിലായി. മൂന്നുവര്‍ഷം മുന്‍പാണു ബബിതയുടെ ഭര്‍ത്താവു മരിച്ചത്. രോഗം ബാധിച്ചു കിടപ്പിലായ ബബിതയെ കിടക്കയോടുകൂടി പൊലീസ് എടുത്തു വീടിനു പുറത്തിറക്കുകയായിരുന്നു. ഇതിന് ശേഷമാണ് ഈ വിഷയം സാമുഹിക മാധ്യമങ്ങളിലൂടെ വലിയ ചര്‍ച്ചയായത്. ഇതോടെ ഇവരുടെ സംരക്ഷണത്തിന് സമൂഹം മുന്നിട്ടിറങ്ങുകയായിരുന്ന.ു ഇതോടെ ബിബിതയ്ക്കും മകള്‍ക്കും ആശ്വാസവുമെത്തി.

ആദ്യം കാഞ്ഞിരപ്പള്ളി പൊലീസ് എസ്ഐ എ.എസ്.അന്‍സില്‍ 2000 രൂപ ബബിതയ്ക്ക് നല്‍കി. ഡോ.എന്‍.ജയരാജ് എംഎല്‍എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍, ബ്ലോക്ക് പഞ്ചായത്തംഗം പി.എ.ഷെമീര്‍, സൈബ പഠിക്കുന്ന സെന്റ് ഇഫ്രേംസ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ലൗലി ആന്റണി, ക്ലാസ് ടീച്ചര്‍ പ്രവീണ്‍ കുമാര്‍ എന്നിവരും സഹായങ്ങളുമായി ആശുപത്രിയിലെത്തി. പിന്നീട് സഹായങ്ങളുടെ പ്രവാഹമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ കോട്ടയം ജില്ലാ കലക്ടറെ ഫോണില്‍ വിളിച്ച് അടിയന്തര ധനസഹായം നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി. തഹസില്‍ദാര്‍ ജോസ് ജോര്‍ജ്, വില്ലേജ് ഓഫിസര്‍ ജയപ്രകാശ് എന്നിവര്‍ ആശുപത്രിയിലെത്തി പതിനായിരം രൂപ ബബിതയ്ക്ക് കൈമാറി. ബബിതയ്ക്കും മകള്‍ക്കും വീടുവയ്ക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ മല്ലപ്പള്ളി ചെങ്ങരൂരില്‍ മൂന്നു സെന്റ് സ്ഥലം നല്‍കാന്‍ തയാറാണെന്ന് പത്തനംതിട്ട ഡിസിസി അംഗം കൂടിയായ ചെങ്ങരൂര്‍ വലിയകണ്ടത്തില്‍ ചെറിയാന്‍ വര്‍ഗീസ് അറിയിച്ചു.

സ്ഥലം സ്വീകരിക്കുന്നുവെങ്കില്‍ അവിടെ വീട് വയ്ക്കുന്നതിന് ഡിസിസി നേതൃത്വം നല്‍കുമെന്ന് പ്രസിഡന്റ് ബാബു ജോര്‍ജ് പറഞ്ഞു. കൊല്ലം പുത്തൂര്‍ റോട്ടറി ക്ലബ് പവിത്രേശ്വരം പഞ്ചായത്തിലെ വേലംമുഴി കടവിനോടു ചേര്‍ന്നു നിര്‍മ്മിക്കുന്ന റോട്ടറി വില്ലേജില്‍ എല്ലാ സൗകര്യങ്ങളുമുള്ള ഒരു വീട് ഇവര്‍ക്കു നല്‍കാമെന്ന് പ്രസിഡന്റ് വിനോദ്കുമാര്‍, സെക്രട്ടറി മാത്യൂസ് തോമസ് മുള്ളിക്കാട്ടില്‍ എന്നിവരറിയിച്ചു. കാഞ്ഞിരപ്പള്ളിയിലോ ഈരാറ്റുപേട്ടയിലോ ബബിതയ്ക്ക് വാഗ്ദാനം ചെയ്യപ്പെട്ട സ്ഥലത്ത് വീട് വച്ചു നല്‍കാനും റോട്ടറി തയാറാണെന്ന് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. ജോണ്‍ ഡാനിയല്‍ പറഞ്ഞു. അങ്ങനെ ബന്ധുക്കളും നിയമപീഠവും കൈവിട്ട കുടുംബത്തിന് വാര്‍ത്തയുടെ കരുത്തില്‍ ലോകമെങ്ങുമുള്ള സുമനസ്സുകള്‍ സഹായം ഒഴുക്കുകയാണ്.

‘ടേക്ക് ഓഫ്’ സിനിമ അണിയറ പ്രവര്‍ത്തകരും താരങ്ങളും സഹായം നല്‍കും. സംവിധായകന്‍ മഹേഷ് നാരായണന്‍, നിര്‍മ്മാതാവ് ആന്റോ ജോസഫ്, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, പാര്‍വതി എന്നിവരാണ് സഹായ വാഗ്ദാനം നല്‍കിയത്. സിനിമയുടെ റിലീസിങ് തീയതിയായ 24ന് നടന്‍ കുഞ്ചാക്കോ ബോബന്‍, നടി പാര്‍വതി എന്നിവര്‍ക്കൊപ്പം കാഞ്ഞിരപ്പള്ളിയില്‍ എത്തി പണം നല്‍കുമെന്ന് ആന്റോ ജോസഫ് അറിയിച്ചു. വിദേശ രാജ്യങ്ങളില്‍നിന്നുള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍നിന്നും സുമനസ്സുകളും വിവിധ സാമൂഹിക സന്നദ്ധ സംഘടനകളും ഇവരെ സഹായിക്കാനായി മുന്നോട്ടുവരുന്നുണ്ട്.

എറണാകുളം ജനസേവാ ശിശുഭവന്‍, കോട്ടയം നവജീവന്‍, കണ്ണൂര്‍ കേന്ദ്രമായി മുസ്ലിം ഗേള്‍സ് ആന്‍ഡ് വിമന്‍സ് മൂവ്മെന്റിന്റെ കീഴിലുള്ള അത്താണി സംഘടന, പാലാ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പീറ്റര്‍ ഫൗണ്ടേഷന്‍ തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഒട്ടേറെ സംഘടനകള്‍ ഇവരെ ഏറ്റെടുക്കുന്നതിന് സന്നദ്ധത അറിയിച്ചു. അതിനിടെ ബബിതയ്ക്കു വീടൊരുക്കാനും മകളുടെ തുടര്‍ വിദ്യാഭ്യാസത്തിനും കാഞ്ഞിരപ്പള്ളി നൈനാര്‍ പള്ളി സെന്‍ട്രല്‍ ജമാ അത്ത് നടപടികള്‍ ആരംഭിച്ചു. താല്‍ക്കാലികമായി താമസിക്കാന്‍ ജമാ അത്ത് വാടക വീട് കണ്ടെത്തി. ആശുപത്രി വിടുന്ന മുറയ്ക്ക് ബബിതയും മകളും ഇവിടേക്ക് താമസം മാറ്റും.

ജമാ അത്തിന്റെ നേതൃത്വത്തില്‍ നാട്ടുകാരുടെ സഹകരണത്തോടെ സ്ഥലം വാങ്ങി വീടുനിര്‍മ്മിച്ചു നല്‍കുമെന്നും ജമാ അത്ത് പ്രസിഡന്റ് അബ്ദുല്‍ സലാം പാറയ്ക്കല്‍ ആശുപത്രിയിലെത്തി ബബിതയെ അറിയിച്ചു. ഇന്ത്യന്‍ ബാങ്ക് കാഞ്ഞിരപ്പള്ളി ശാഖയില്‍ ജമാ അത്ത് പ്രസിഡന്റ് അബ്ദുല്‍ സലാം പാറയ്ക്കലിന്റെയും ബബിതയുടെയും പേരില്‍ ജോയിന്റ് അക്കൗണ്ടും തുറന്നു. നമ്പര്‍- 6514011290. ഐഎഫ്എസ് കോഡ്-IDIB000K277

ബബിതയ്ക്ക് സ്ഥിര വരുമാന മാര്‍ഗത്തിനുള്ള പദ്ധതിയും ആലോചനയിലുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു. കേരള യൂത്ത് ഫ്രണ്ട്(എം) സൈബയുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി ഒരു ലക്ഷം രൂപ നല്‍കുമെന്ന് സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പന്‍ ആശുപത്രിയിലെത്തി ബബിതയെ അറിയിച്ചു.

ഭര്‍ത്താവ് ഷാനവാസുമൊത്ത് ബബിതയും മകളും താമസിച്ചിരുന്ന വീടും ഒരു സെന്റ് സ്ഥലവുമാണ് ഇവര്‍ക്ക് ഇപ്പോള്‍ ഇല്ലാതായിരിക്കുന്നത്. ഗര്‍ഭപാത്രത്തില്‍ മുഴയുണ്ടായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ബബിത. വീട്ടില്‍നിന്നിറങ്ങിയപ്പോള്‍, ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ബബിതയെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പലകകളും തുണിയും ഉപയോഗിച്ച് മറച്ചതായിരുന്നു പഴയ വീട്. വൈദ്യുതിയും ഇവിടെയുണ്ടായിരുന്നില്ല. ഒന്‍പതാം ക്ളാസുകാരിക്ക് ഇരുന്ന് പഠിക്കാന്‍ കസേരയോ മേശയോ ഉണ്ടായിരുന്നില്ല. പഠനത്തില്‍ മിടുക്കിയായ സൈബ തെരുവുവെളിച്ചത്തിലിരുന്നാണ് പഠിച്ചിരുന്നത്.

ചിറക്കടവ് സെന്റ് ഇഫ്രേംസ് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി സൈബയുടെ പുസ്തകങ്ങള്‍ ഉള്‍പ്പടെ വീട്ടിലുണ്ടായിരുന്ന സാധനങ്ങളെല്ലാം പൊലീസ് കോടതിയില്‍ ഹാജരാക്കി. താമസിക്കാന്‍ വേറെ വീടോ സ്ഥലമോ ഇല്ലെന്നു ബബിത പറയുന്നു. വീടൊഴിയാന്‍ മൂന്നുദിവസം സാവകാശം ആവശ്യപ്പെട്ടു വെള്ളിയാഴ്ച കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷ തള്ളി. ശനിയാഴ്ച വീടൊഴിപ്പിക്കാന്‍ പൊലീസ് എത്തിയപ്പോള്‍ കണ്ട കാഴ്ച ദയനീയമായിരുന്നു.

പലകകളും തുണിയും ഉപയോഗിച്ചു മറച്ച വീട്. വാതിലില്ല, വൈദ്യുതിയില്ല. ഒരാള്‍ക്കുമാത്രം നില്‍ക്കാന്‍ കഴിയുന്ന അടുക്കള. ഒന്‍പതാം ക്ലാസുകാരിക്ക് ഇരുന്നുപഠിക്കാന്‍ കസേരയോ മേശയോ ഇല്ല. മടങ്ങിപ്പോയ പൊലീസ് ദയനീയാവസ്ഥകാട്ടി ശനിയാഴ്ച കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. റിപ്പോര്‍ട്ട് തള്ളിയ കോടതി, കാഞ്ഞിരപ്പള്ളി എസ്‌ഐയെ കോടതിയില്‍ വിളിച്ചുവരുത്തി ഉച്ചയ്ക്ക് ഒന്നിനുമുന്‍പ് ഉത്തരവു നടപ്പാക്കാന്‍ കര്‍ശനനിര്‍ദ്ദേശം നല്‍കുകയായിരുന്നുവെന്നു പൊലീസ് അറിയിച്ചു. ഇതോടെ പൊലീസും ഉത്തരവ് അനുസരിക്കാന്‍ നിര്‍ബന്ധിതരായി.

വീടും ഒരുസെന്റ് സ്ഥലവും ഭര്‍ത്താവിന്റെ മരണശേഷം ഭര്‍തൃമാതാവ് മറ്റൊരു മകന് എഴുതിക്കൊടുത്തതായി ബബിത പറയുന്നു. ഇതേതുടര്‍ന്നാണു കേസുവന്നത്. ബബിതയ്ക്ക് സ്ത്രീധനമായി ലഭിച്ച സ്വര്‍ണവും പണവും തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് മുമ്പ് ബബിത കുടുംബകോടതിയില്‍ പരാതി നല്‍കിയിരുന്നു. ഈ കേസില്‍ ബബിതയ്ക്ക് 3,90,000 രൂപ ഭര്‍ത്താവിന്റെ കുടുംബക്കാര്‍ നല്‍കാനും ഏറ്റുമാനൂര്‍ കുടുംബകോടതി 2010ല്‍ വിധിച്ചിരുന്നു. ഹൈക്കോടതിയില്‍ ഈ കേസ് നടന്നുവരികയാണ്.

The post കോടതി ഉത്തരവിനാല്‍ വീട്ടില്‍ നിന്ന് ഇറക്കപ്പെട്ട അമ്മയ്ക്കും മകള്‍ക്കും കൈത്താങ്ങായി മലയാളി സുമനസ്സുകള്‍; നന്മ മരം തളിരിടുന്നത് രണ്ട് സ്ത്രീ ജീവിതങ്ങളുടെ രക്ഷക്ക് appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20534

Trending Articles