Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20536

നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിനെ പോലീസ് അറസ്റ്റ് ചെയ്യത് ബുദ്ധിപരമായ നീക്കത്തിലൂടെ; കോടതിയുടെ വിമര്‍ശനം അസ്ഥാനത്തുള്ളതെന്ന് നിയമ വിദഗ്ധര്‍

$
0
0

വിദ്യാര്‍ത്ഥിയെ മര്‍ദിച്ചകേസില്‍ നെഹ്രു കോളേജ് ചെയര്‍മാന്‍ പി. കൃഷ്ണദാസ് അടക്കമുള്ളവരെ അറസ്റ്റുചെയ്തത് പോലീസിന്റെ ബുദ്ധിപരമായ നീക്കത്തിലൂടെ. ലക്കിടി ലോ കോളേജ് വിദ്യാര്‍ത്ഥി ഷഹീര്‍ ഷൗക്കത്തലിയുടെ പരാതിയിലാണ് അറസ്റ്റ്. അറസ്റ്റിനെ തുടര്‍ന്ന് കോടതിയില്‍ നിന്നും നിശിതമായ വിമര്‍ശനമണ് പോലീസിന് കേള്‍ക്കേണ്ടി വന്നതെങ്കിലും അതില്‍ കഴമ്പില്ലെന്നാണ് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

രണ്ടുദിവസംമുമ്പ് ഡി.ജി.പി.യും തൃശ്ശൂര്‍ റൂറല്‍ എസ്.പി.യും ഉള്‍പ്പെടെയുള്ളവര്‍ കേസിനെക്കുറിച്ച് വിശദമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പരാതിക്കാരനായ ഷഹീര്‍ ഷൗക്കത്തലിയെ വീണ്ടും വിളിച്ചുവരുത്തി മൊഴിയെടുത്തു. പരാതിയില്‍നിന്ന് ഒരുകാരണവശാലും പിന്മാറില്ലെന്ന് ഷഹീര്‍ വ്യക്തമാക്കിയതോടെ ശക്തമായി മുന്നോട്ടുനീങ്ങാന്‍ പോലീസ് തീരുമാനിക്കുകയായിരുന്നു. കൃഷ്ണദാസിനെതിരേ ആദ്യം ദുര്‍ബല വകുപ്പുകളാണ് ഈ കേസില്‍ ചുമത്തിയിരുന്നത്. കൂടുതല്‍ കടുത്ത, ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്താന്‍ പോലീസ് തീരുമാനിച്ചു. എന്നാല്‍, വിവരം പുറത്തുവന്നാല്‍ കൃഷ്ണദാസ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാനുള്ള സാധ്യതയുള്ളതിനാല്‍ ഇത് രഹസ്യമാക്കിവെച്ചു. നിയമോപദേശക സുചിത്രയെയാണ് തിങ്കളാഴ്ച ആദ്യം കസ്റ്റഡിയിലെടുത്തത്. ഇതോടെ, കൃഷ്ണദാസ് ഇടഞ്ഞു. തുടര്‍ന്ന് ഇയാളെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവര്‍ രണ്ടും കസ്റ്റഡിയിലായതോടെ ബാക്കി മൂന്നുപേരും സ്വമേധയാ വന്നവരാണ്.

ഐ.പി.സി. 341 (തടഞ്ഞുനിര്‍ത്തല്‍), 365 (തട്ടിക്കൊണ്ടുപോകല്‍), 342 (അടച്ചമുറിയില്‍ ബലമായി കയറ്റല്‍), 384 (ഭീഷണിപ്പെടുത്തി എന്തെങ്കിലും എഴുതിവാങ്ങല്‍), 506(1)-മരണഭയമുണ്ടാക്കുക, ഭീഷണിപ്പെടുത്തുക, 294ബി-അസഭ്യം പറയുക എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇതില്‍ 365-ഉം 384-ഉം ജാമ്യമില്ലാത്ത വകുപ്പുകളാണ്.ജിഷ്ണു കേസില്‍ പ്രതികളുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് മാതാപിതാക്കള്‍ 27 മുതല്‍ ഡി.ജി.പി.യുടെ ഓഫീസിനുമുന്നില്‍ നിരാഹാരമിരിക്കുമെന്ന് പ്രഖ്യാപിച്ചതിനുപിന്നാലെയാണ് കൃഷ്ണദാസും കൂട്ടരും അറസ്റ്റിലായത്. ഇത് പോലീസിന്റെ ഉദ്ദേശ്യശുദ്ധിയെ സംശയത്തിലാക്കിയിരുന്നു. എന്നാല്‍, കൃഷ്ണദാസിനെപ്പോലെ ഒരു പ്രമുഖനെ ഒരുദിവസമെങ്കിലും അറസ്റ്റുചെയ്ത് സ്റ്റേഷനില്‍ വെയ്ക്കാന്‍ കഴിഞ്ഞത് പോലീസിന്റെ നേട്ടമായാണ് ജിഷ്ണു പ്രണോയിയുടെ അമ്മാവന്‍ ശ്രീജിത്ത് വിശേഷിപ്പിച്ചത്. ഈ കേസിലെ പരാതിക്കാരനും പോലീസ് നടപടികളെ അനുകൂലിക്കുകയാണ് ചെയ്തത്.

എരുമപ്പെട്ടി സ്റ്റേഷനില്‍ ഉച്ചയോടെ കൃഷ്ണദാസ് ഉള്‍പ്പെടെ അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. എന്നാല്‍, പിന്നീട് അനന്തമായ കാത്തിരിപ്പായിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ ചൊവ്വാഴ്ചയേ ഹൈക്കോടതി പരിഗണിക്കുകയുള്ളൂവെന്ന് നാലരയോടെ വിവരം ലഭിച്ചു. ഇതിനിടയില്‍ കോടതിയില്‍ നിന്ന് പോലീസിനെതിരെ നിശിതമായ വിമര്‍ശനം ഉണ്ടായി. ഉദ്യോഗസ്ഥരുടെ ജോലി കളയുമെന്ന് വരെ കോടതി പറഞ്ഞു. എന്നാല്‍ ഇത്തരം പരാമര്‍ശങ്ങളുടെ യാതൊരു സാഹചര്യവും അവിടെ ഇല്ലെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്ന ആളെ അറസ്റ്റ് ചെയ്താല്‍ ആ അപേക്ഷ തള്ളിപ്ോകുക മാത്രമാണ് ഉണ്ടാകുക. പിന്നീട് ആ വ്യക്തിക്ക് സാധാരണ ജാമ്യം ലഭിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകാം. എന്നാല്‍ കോടതിയില്‍ നിന്നും വ്യത്യസ്ഥ സ്വരം ഉണ്ടായതില്‍ അത്ഭുതമാണുള്ളത്.

ആറുമണിയോടെ പ്രതികളെ വടക്കാഞ്ചേരി മജിസ്ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കുമെന്ന സൂചനകളുണ്ടായി. ഇതിനായി സ്റ്റേഷന്‍വളപ്പിലുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ ഒഴിച്ചുള്ളവരെ പുറത്തേക്കുമാറ്റി. ഏഴേമുക്കാല്‍ കഴിഞ്ഞപ്പോഴാണ് ഇവരെ പുറത്തേക്കുകൊണ്ടുവന്നത്. എന്നാല്‍, പത്തുമിനിറ്റുമാത്രം ദൂരെയുള്ള മജിസ്ട്രേറ്റിന്റെ വസതിയിലേക്ക് വളരെ വൈകിയാണ് എത്തിച്ചത്. ജനശ്രദ്ധ ഒഴിവാക്കാനും കൈയേറ്റമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്തുമായിരുന്നു ഇതെല്ലാമെന്ന് പോലീസ് പറയുന്നു.

The post നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിനെ പോലീസ് അറസ്റ്റ് ചെയ്യത് ബുദ്ധിപരമായ നീക്കത്തിലൂടെ; കോടതിയുടെ വിമര്‍ശനം അസ്ഥാനത്തുള്ളതെന്ന് നിയമ വിദഗ്ധര്‍ appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20536

Trending Articles