കൊച്ചി : കൊച്ചിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട സിഎ വിദ്യാര്‍ത്ഥിനി മിഷേലിന്റെ മരണം ആത്മഹത്യയാണെന്ന നിഗമനത്തിലെത്തുമ്പോഴും അഴിയാത്ത കുരുക്കുകള്‍ ഏറെ. മിഷേല്‍ ഷാജിയുമായുള്ള ബന്ധത്തെക്കുറിച്ചു പൊലീസിനു നല്‍കിയ മൊഴി ക്രൈംബ്രാഞ്ചിനു മുന്‍പില്‍ ആവര്‍ത്തിച്ചിരിക്കുകയാണ് കാമുകന്‍ ക്രോണിന്‍. മിഷേലിനെ ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുന്ന തരത്തിലുള്ള പ്രശ്നങ്ങള്‍ തങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നില്ലെന്നും തെറ്റിദ്ധാരണ മൂലമാണു ബന്ധം വഷളായതെന്നും ക്രോണിന്‍ ക്രൈംബ്രാഞ്ചിനോടു പറഞ്ഞു. അതിനിടെ മിഷേലിന്റെ ഫോണ്‍ കണ്ടത്താത്തത് നടന്ന സംഭവങ്ങള്‍ മനസിലാക്കുന്നതിന് വിലങ്ങ്തടിയാകുന്നു.
കൊച്ചി പാലാരിവട്ടത്ത് സിഎ വിദ്യാര്‍ത്ഥിനിയായ മിഷേല്‍ ഷാജി, രണ്ടാം ഗോശ്രീ പാലത്തില്‍ നിന്നും കായലിലേക്ക് ചാടി ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് കണ്ടെത്തല്‍. അടുപ്പമുണ്ടായിരുന്ന ക്രോണിന്‍ അലക്സാണ്ടറിന്റെ നിരന്തര ശല്യത്തെത്തുടര്‍ന്നാണിതെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. സംഭവത്തെ തുടര്‍ന്ന് ക്രോണിനെ അറസ്റ്റു ചെയ്തിരുന്നു. പിന്നിട് ക്രോണ്‍ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും ജാമ്യാപേക്ഷ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് കളാസ് മജിസ്ട്രേറ്റ് കോടതി തള്ളി. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും പ്രതിക്ക് ഇപ്പോള്‍ ജാമ്യം അനുവദിച്ചാല്‍ തുടരന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് മജിസ്ട്രേറ്റ് ആജ് സുദര്‍ശന്‍ ജാമ്യാപേക്ഷ തള്ളിയത്. ഇതിന് ശേഷമാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.
ഈ സാഹചര്യത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റമാണ് ക്രോണിനെതിരെ ചുമത്തിയിട്ടുള്ളത്. പ്രതിയുടെ ഛത്തീസ്ഗഡിലെ താമസസ്ഥലത്തു പ്രതിയുമായി തെളിവെടുപ്പു നടത്തുമെന്ന് അന്വേഷണ സംഘം പറഞ്ഞു. മിഷേലുമായുള്ള ആശയ വിനിമയത്തിന് മറ്റേതെങ്കിലും ഫോണോ സിമ്മോ ഉപയോഗിച്ചിരുന്നോ, ഏതെങ്കിലും തരത്തിലുള്ള ചിത്രങ്ങളോ ദൃശ്യങ്ങളോ പകര്‍ത്തി സൂക്ഷിച്ചിരുന്നോ എന്നൊക്കെ മനസ്സിലാക്കുന്നതിനാണു ഛത്തീസ്ഗഡിലെ തെളിവെടുപ്പെന്നാണു ക്രൈംബ്രാഞ്ച് നല്‍കുന്ന വിവരം. പൊലീസിന്റെ ആത്മഹത്യാ വാദത്തെ ക്രൈംബ്രാഞ്ച് തള്ളിക്കളയുന്നില്ല. എന്നാല്‍ മുഴുവന്‍ തെളിവുകളും പരിശോധിക്കാനാണ് നീക്കം.
ഇതിനിടെ, കാണാതായ ദിവസം മിഷേല്‍ കലൂര്‍ പള്ളിയില്‍ ചെലവഴിച്ചതിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ ക്രൈംബ്രാഞ്ച് സംഘം ശേഖരിച്ചു. പള്ളിയുടെ പരിസരങ്ങളില്‍ സ്ഥാപിച്ചിരുന്ന ഏഴു സിസിടിവി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങളാണു ലഭിച്ചത്. വൈകിട്ട് ആറേകാലോടെ പള്ളിയില്‍നിന്നു പുറത്തിറങ്ങിയശേഷം കുരിശുപള്ളിക്കു മുന്‍പിലെ റോഡിന്റെ ഇടതുവശത്തേക്ക് ആദ്യം നടന്ന മിഷേല്‍ രണ്ടു മിനിറ്റിനകം ധൃതിയില്‍ തിരിച്ചെത്തി വലത്തേക്കു നടന്നുപോകുന്നതായി ദൃശ്യത്തിലുണ്ട്. തിരിച്ചെത്തി ധൃതിയില്‍ നടക്കുന്നതിനിടെ കയ്യിലിരുന്ന ബാഗ് തുറന്നടയ്ക്കുന്നുമുണ്ട്. എന്തെങ്കിലും സാധനം വാങ്ങി ബാഗില്‍ വച്ചതാണോ എന്നാണു സംശയിക്കുന്നത്.
ധൃതിയില്‍ തിരിച്ചുപോകുന്നത് ആരെയെങ്കിലും കണ്ടു ഭയന്നാണോ എന്ന സംശയവുമുണ്ട്. കാണാതായ ദിവസം മിഷേല്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണിനു വേണ്ടിയുള്ള ഒരു തിരച്ചിലും ഇതുവരെ പൊലീസോ, ക്രൈംബ്രാഞ്ചോ നടത്തിയിട്ടില്ല. ഹൈക്കോടതി ജംക്ഷനില്‍നിന്നു ലഭിച്ച സിസിടിവി ദൃശ്യത്തില്‍ മിഷേലിന്റെ വലതു കയ്യില്‍ ഫോണും ഇടതു കയ്യില്‍ ബാഗുമുള്ളതായാണു കാണുന്നത്. ഫോണ്‍ കണ്ടെത്താനായാല്‍ കൂടുതല്‍ എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുമെന്നു പ്രതീക്ഷിക്കപ്പെടുന്നുണ്ടെങ്കിലും ഫോണ്‍ കായലില്‍ വീണിട്ടുണ്ടെങ്കില്‍ കണ്ടെത്താനുള്ള സാധ്യത വിരളമാണ്. ഇത് അന്വേഷണത്തെ ബാധിക്കുമെന്ന നിരീക്ഷണം ക്രൈംബ്രാഞ്ചിനുണ്ട്.
പൊലീസിന് കിട്ടിയ പുതിയ തെളിവുകള്‍ ഇതുവരെ പറഞ്ഞിരുന്നതില്‍നിന്ന് വ്യത്യസ്തമായ കാര്യങ്ങളാണ്. മരണ ദിവസം മിഷേല്‍ കലൂരില്‍നിന്ന് ഗോശ്രീ രണ്ടാം പാലത്തിനടുത്തുവരെ എത്തിയ വിവിധ ദൃശ്യങ്ങള്‍ പുറത്തുവന്നു. ക്രോണിന്‍ പറഞ്ഞത് കള്ളക്കഥകളാണെന്ന് പൊലീസ് സംശയിക്കുന്നു. മിഷേലുമായി പ്രണയത്തിലായിരുന്നു ക്രോണിന്‍ ഇടയ്ക്ക് തെറ്റിയെന്നും നിരന്തരം കലഹിച്ചിരുന്നുവെന്നും വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. മിഷേല്‍ മറ്റാരുമായും ഇടപഴകുന്നത് ക്രോണിന് ഇഷ്ടമല്ലായിരുന്നു. ചെന്നൈയില്‍ പഠിക്കാനായിരുന്നു മിഷേലിന്റെ ആഗ്രഹം. ഇതിനെ മിഷേല്‍ എതിര്‍ത്തിരുന്നുവെന്ന് ചെന്നൈയില്‍ മിഷേലിന്റെ കൂട്ടുകാരി പറഞ്ഞു. മിഷേല്‍ കലൂര്‍ പള്ളിയില്‍ പ്രാര്‍ത്ഥിക്കുന്നതടക്കമുള്ള ദൃശ്യങ്ങള്‍ ക്രൈംബ്രാഞ്ച് സൂക്ഷ്മമായി പരിശോധിക്കുകയാണ്. ഏഴ് സിസിടിവികളിലെ അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളുണ്ട്.
The post മിഷേലിന്റെ മരണത്തില്‍ അഴിയാത്ത കെട്ടുകള്‍ ഏറെ; മരണ ദിവസത്തെ സംഭവങ്ങള്‍ കൃത്യമായി മനസിലാക്കാന്‍ കഴിയാതെ ക്രൈംബ്രാഞ്ചും; ഫോണ്‍ കണ്ടെത്താനാകാത്തത് അന്വേഷണത്തിന് തിരിച്ചടിയാകുന്നു appeared first on Daily Indian Herald.