Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20554

മിഷേലിന്റെ മരണം ആത്മഹത്യയെന്നുറപ്പിച്ച് ക്രൈംബ്രാഞ്ചും; കാമുകന്‍ ക്രോണിനുമായി വഴക്കിട്ട് സഹികെട്ട് ജീവനൊടുക്കി; ശാസ്ത്രീയ തെളിവുകളും അനുകൂലം

$
0
0

ക്രോണിനുമായുള്ള നീണ്ട കലഹത്തിനൊടുവിലാണ് മിഷേല്‍ ജീവനൊടുക്കാന്‍ തീരുമാനിച്ചതെന്ന് കരുതാവുന്ന നിഗമനങ്ങളില്‍ പോലീസ് ഉറച്ച് നില്‍ക്കുന്നു. ഇതിനായുള്ള തെളിവെല്ലാം കിട്ടിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. മിഷേല്‍ ക്രോണിനുമായി നിരന്തരം കലഹിച്ചിരുന്നു. മറ്റാരുമായും മിഷേല്‍ അടുക്കുന്നത് ക്രോണിന് ഇഷ്ടമായിരുന്നില്ല. തന്നെ പൂര്‍ണമായും അനുസരിക്കണമെന്ന വാശിയും ഈ യുവാവിനുണ്ടായിരുന്നു. ഇവരുടെ അടുപ്പം സംബന്ധിച്ച് വീട്ടുകാര്‍ക്ക് സൂചനകളുണ്ടായിരുന്നതായും വ്യക്തമായിട്ടുണ്ട്. ഇത് സംബന്ധിച്ച സൂചന ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ മിഷേലിന്റെ മരണം ആത്മഹത്യയെന്ന പ്രാഥമികനിഗമനത്തില്‍ ക്രൈംബ്രാഞ്ചും എത്തുകയാണ്. സാഹചര്യത്തെളിവുകളെല്ലാം ലോക്കല്‍ പൊലീസിന്റെ കണ്ടെത്തല്‍ ശരിവെക്കുന്നതാണെന്ന് ക്രൈംബ്രാഞ്ച് സംഘം വിലയിരുത്തി.

പൊലീസ് അറസ്റ്റുചെയ്ത ക്രോണിന്‍ അലക്‌സാണ്ടര്‍ ബേബിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. മാര്‍ച്ച് 24 വരെയാണ് കസ്റ്റഡി. തെളിവെടുപ്പിനായി ക്രോണിനെ ഇയാള്‍ ജോലിചെയ്തുവന്ന ഛത്തീസ്ഗഢിലെ സ്വകാര്യകമ്പനിയില്‍ കൊണ്ടുപോകേണ്ടതുണ്ടെന്നും വിശദമായി ചോദ്യംചെയ്യേണ്ടതുണ്ടെന്നും അന്വേഷണോദ്യോഗസ്ഥനായ ഡിവൈ.എസ്പി. കെ.എ. ശശിധരന്‍ കോടതിയില്‍ നല്‍കിയ കസ്റ്റഡിഅപേക്ഷയില്‍ ചൂണ്ടിക്കാട്ടി. ഐ.ജി.യും എസ്പി. പി.കെ. മധുവും കേസന്വേഷണം സംബന്ധിച്ച മേല്‍നോട്ടത്തിനായി പിറവത്തും എറണാകുളത്തുമെത്തി. പിറവത്ത് മിഷേലിന്റെ മാതാപിതാക്കളെക്കണ്ട് വിവരങ്ങള്‍ തേടി. മിഷേല്‍ കായലില്‍ ചാടിയെന്ന് കരുതപ്പെടുന്ന ഗോശ്രീ പാലത്തിലെത്തി പരിശോധിച്ചു. പെണ്‍കുട്ടി പാലത്തിലൂടെ നടന്നുപോകുന്നതു കണ്ട വൈപ്പിന്‍സ്വദേശി അമല്‍ വില്‍ഫ്രെഡിനെയും കൂട്ടിയായിരുന്നു തെളിവെടുപ്പ്.

പൊലീസിന് ലഭിച്ച മൊഴികള്‍ ക്രൈംബ്രാഞ്ചും മുഖവിലയ്ക്കെടുക്കും. ക്രോണിന്റെ വിചിത്ര സ്വഭാവവുമായി യോജിച്ചു പോകാനാവില്ലെന്ന് മിഷേല്‍ പറഞ്ഞിരുന്നതായി ചെന്നൈയില്‍ ഉപരിപഠനം നടത്തുന്ന കൂട്ടുകാരി വ്യക്തമാക്കിയിട്ടുണ്ട്. കൂട്ടുകാരിക്കൊപ്പം ചെന്നൈയില്‍ പഠിക്കാനായിരുന്നു മിഷേലിന്റെ ആഗ്രഹം. എന്നാല്‍ ചെന്നൈയില്‍ പോകുന്നത് ക്രോണിന്‍ വിലക്കുകയായിരുന്നു. ഇടയ്ക്ക് മറ്റൊരു യുവാവുമായി മിഷേലിനുണ്ടായ സൗഹൃദത്തെ ചൊല്ലിയും കലഹം പതിവായിരുന്നു. ഇടയ്ക്ക് കൊച്ചിയിലെത്തിയിരുന്ന ക്രോണിന്‍ ഒരുവട്ടം മിഷേലിനെ തല്ലിയതായും സുഹൃത്തുക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്. കല്ലൂര്‍ പള്ളിക്ക് മുമ്പിലായിരുന്നു ഈ സംഭവം, സുഹൃത്തായ യുവാവിനെ ഫോണില്‍ വിളിച്ച് ക്രോണിന്‍ താക്കീത് ചെയ്തിട്ടുണ്ട്. ഇവര്‍ തമ്മില്‍ അര മണിക്കൂറോളം സംസാരിച്ചതിന്റെ രേഖ കിട്ടിയിട്ടുണ്ട്.

മിഷേലിനെ കാണാതായ ഞായറാഴ്ച കാലത്ത് മുതല്‍ ക്രോണിന്‍ വിളിച്ച് വഴക്കുണ്ടാക്കുകയും നിരന്തരം മെസേജുകള്‍ അയയ്ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് മിഷേല്‍ ക്രോണിന്റെ ഫോണ്‍ എടുത്തില്ല. അസ്വസ്ഥത മുറുകിയ ക്രോണിന്‍ സ്വന്തം അമ്മയെ വിളിച്ച് മിഷേല്‍ ഫോണെടുക്കുന്നില്ലെന്നും ഇങ്ങനെ പോയാല്‍ താന്‍ ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞു. തുടര്‍ന്ന് അവര്‍ മിഷേലിനെ വിളിക്കുകയും മിഷേല്‍ തിരിച്ചു വിളിക്കുകയും ചെയ്തിട്ടുണ്ട്. വീണ്ടും വിളിച്ച ക്രോണിന്‍ നീ എന്നെ ഒഴിവാക്കുകയാണെന്നും അങ്ങനെ സംഭവിച്ചാല്‍ താന്‍ മരിക്കുമെന്നും പറഞ്ഞു. എന്നാല്‍ നീ മരിക്കണ്ട, ഞാന്‍ മരിക്കാം എന്നായി മിഷേല്‍.

ഈ സംഭാഷണമാണ് മിഷേലിനെ കൊണ്ട് കടുത്ത തീരുമാനം എടുപ്പിച്ചത്. ഇതിനിടെ വീണ്ടും വഴക്ക് കൂടി. ഇതോടെ ‘ഞാനൊരു തീരുമാനമെടുത്തിട്ടുണ്ട്, നീയത് തിങ്കളാഴ്ച അറിയും’ എന്നാണ് മിഷേല്‍ പറഞ്ഞത്. എന്നെ ഒഴിവാക്കാനാണ് തീരുമാനമെങ്കില്‍ എന്റെ ശവമാകും നീ കാണുക എന്ന് ക്രോണിന്‍ മറുപടിയും പറഞ്ഞു. ഇതോടെയാണ് ആത്മഹത്യയ്ക്ക് മിഷേല്‍ തീരുമാനിച്ചതെന്ന് പൊലീസ് പറയുന്നു. അപ്പനെയും അമ്മയെയും കാണണമെന്നു പറഞ്ഞ് അന്ന് രണ്ടുവട്ടം മിഷേല്‍ വിളിച്ചിരുന്നു. കാലത്ത് വിളിച്ചപ്പോള്‍ ഒരു ചടങ്ങിനു പോകാനുള്ളതിനാല്‍ വരാനാവില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു. പിന്നെ വൈകീട്ടും കാണണം എന്നാവശ്യപ്പെട്ട് വിളിച്ചു. ഇപ്പോള്‍ വന്നാല്‍ അധിക നേരം കാണാന്‍ പറ്റില്ലല്ലോ, നിനക്ക് ഏഴു മണിക്ക് ഹോസ്റ്റലിനകത്ത് കേറണ്ടേ എന്നു പറഞ്ഞ് വീട്ടുകാര്‍ ഒഴിവായി.

പിറ്റേന്ന് പരീക്ഷ കൂടിയുള്ളതിനാലാണ് വീട്ടുകാര്‍ പോകാതിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് വിശദീകരിച്ചിട്ടുണ്ട്. ഇതിനു ശേഷമാണ് മിഷേല്‍ പുറത്തിറങ്ങിയതും പള്ളിയില്‍ പോയതും. പള്ളിയില്‍ നിന്നിറങ്ങിയ ശേഷം ബസ്സില്‍ ഹൈക്കോടതിക്ക് സമീപമെത്തിയ ശേഷം നടന്ന് ഗോശ്രീ പാലത്തില്‍ പോയെന്നാണ് സാഹചര്യ തെളിവുകള്‍ ലഭിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച വീഡിയോയും കിട്ടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മിഷേലിന്റെ മരണത്തില്‍ കൊലപാതക സാധ്യത തീരെയില്ലെന്ന് പൊലീസ് വിലയിരുത്തുന്നു. അതിനിടെ കൊലപാതകസാധ്യത അടക്കമുള്ളവ ക്രൈംബ്രാഞ്ച് വിശദമായി അന്വേഷിക്കുമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മിഷേലിന്റെ അച്ഛനമ്മമാര്‍ ഉന്നയിച്ച ആക്ഷേപങ്ങളും പരിശോധിക്കും. കൂടുതല്‍ സി.സി.ടി.വി.ദൃശ്യങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. ഇവ ശാസ്ത്രീയമായി പരിശോധിക്കും. അന്വേഷണസംഘാംഗങ്ങളുമായി ഐ.ജി.ചര്‍ച്ച നടത്തി.

മിഷേല്‍ ഗോശ്രീപാലത്തില്‍നിന്ന് ചാടി ജീവനൊടുക്കിയെന്ന നിഗമനത്തിന് ബലമേകി സി.സി.ടി.വി.ദൃശ്യങ്ങള്‍ കിട്ടിയിട്ടുണ്ട് മാര്‍ച്ച് അഞ്ചിന് വൈകീട്ട് ആറേമുക്കാലോടെ മിഷേലിനോട് സാദൃശ്യമുള്ള യുവതി ഗോശ്രീപാലത്തിലേക്കുള്ള റോഡിലൂടെ നടന്നുപോകുന്ന ദൃശ്യങ്ങളാണ് പൊലീസ് കണ്ടെത്തിയത്. സമീപത്തെ ഫ്‌ലാറ്റുകളില്‍ നിന്നാണ് ദൃശ്യങ്ങള്‍ ലഭിച്ചത്. പെണ്‍കുട്ടിക്ക് മിഷേലുമായി സാമ്യമുണ്ട്. വസ്ത്രങ്ങളും ഒരുപോലെയാണ്. ഇത് മിഷേല്‍ തന്നെയാണെന്ന് ഉറപ്പിച്ചതായി പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കായലില്‍ ചാടിയാല്‍ നേരത്തോടുനേരം കഴിഞ്ഞാണ് ശരീരം പൊങ്ങിവരുക. പിറ്റേന്ന് വൈകീട്ട് ആറരയോടെയാണ് മിഷേലിന്റെ മൃതദേഹം വാര്‍ഫിന് സമീപം പൊങ്ങിയത്. ഇതും മിഷേല്‍ ആത്മഹത്യചെയ്‌തെന്ന വാദം ബലപ്പെടുത്തുന്നു. വെള്ളത്തില്‍ വീണുമരിച്ചുവെന്ന മരണാനന്തരശാസ്ത്രീയ പരിശോധനാഫലവും ഇത് ശരിവെക്കുന്നു.

The post മിഷേലിന്റെ മരണം ആത്മഹത്യയെന്നുറപ്പിച്ച് ക്രൈംബ്രാഞ്ചും; കാമുകന്‍ ക്രോണിനുമായി വഴക്കിട്ട് സഹികെട്ട് ജീവനൊടുക്കി; ശാസ്ത്രീയ തെളിവുകളും അനുകൂലം appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20554