കൊച്ചി: എറണാകുളത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സിഎ വിദ്യര്‍ത്ഥിനി മിഷേലിന്റെ(18) മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി അകന്ന ബന്ധുവായ ക്രോണിന്‍നെ(27) പോലീസ് അറസ്റ്റ് ചെയ്തു. സംഭവദിവസം മിഷേലിനെ പള്ളിയിലും ടൗണ്‍ഹാളിലും പിന്തുടര്‍ന്ന തലശേരി സ്വദേശിയായ യുവാവിനു മരണത്തില്‍ പങ്കില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. ക്രോണിന്റെ മാനസിക, ശാരീരിക പീഡനങ്ങള്‍ സഹിക്കവയ്യാതെയാണ് പെണ്‍കുട്ടിയുടെ ആത്മഹത്യയെന്നാണ് പൊലീസ് പറയുന്നത്. എറണാകുളം കലൂര്‍ പള്ളിയുടെ മുമ്പിലിട്ട് മിഷേലിനെ ക്രോണിന്‍ തല്ലിയതായും അന്വേഷണത്തില്‍ വ്യക്തമായി. എന്നാല്‍ മിഷേലിന്റെത് ആത്മഹത്യ തന്നെയെന്നുറപ്പിച്ച് പോലീസ് നീങ്ങുമ്പോള്‍ കൊലപാതക സാധ്യത തള്ളിക്കളയാനാകില്ല. മരണം ആത്മഹത്യ തന്നെയെന്നുറപ്പിച്ച് പൊലീസ് നീങ്ങുന്നതില്‍ ദുരൂഹതയുണ്ടെന്നും ആരോപണം. മിഷേലിനെ പ്രതി പിന്തുടരുന്ന ദൃശ്യങ്ങള്‍ ഉണ്ട്. മിഷേലിനെ കായലിലേക്ക് പടിച്ചു തള്ളാനുള്ള സാധ്യതയും സജീവമാണ്. അപ്പോഴും ആത്മഹത്യാ പ്രേരണക്കുറ്റം മാത്രം ചുമത്തി കേസ് അവസാനിപ്പിക്കാനാണ് പൊലീസ് നീക്കം.
അതുകൊണ്ട് തന്നെ കൊലപാതക സാധ്യത സജീവമാണ്. എന്നാല്‍ ക്രോണിന്‍ എല്ലാം സമ്മതിച്ചെന്നും അതുകൊണ്ട് തന്നെ മിഷേല്‍ ആത്മഹത്യ ചെയ്തതാണെന്നും പൊലീസ് പറയുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് പിറവം പെരിയപ്പുറം എണ്ണയ്ക്കാപ്പിള്ളില്‍ ഷാജിയുടെ മകള്‍ മിഷേല്‍ ഷാജിയെ എറണാകുളം വാര്‍ഫില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച വൈകീട്ട് മിഷേലിനെ ഗോശ്രീ പാലത്തിനു സമീപം കണ്ടതായി ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയതും ആത്മഹത്യയെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കാന്‍ കാരണായി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ക്രോണിന്‍ വഞ്ചകനാണെന്നു മനസിലാക്കിയതോടെ ഇയാളുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ മിഷേല്‍ ശ്രമിച്ചിരുന്നു. എന്നാല്‍, കടുത്ത ഭീഷണിയാണ് ഇതേത്തുടര്‍ന്ന് ഇയാളില്‍ നിന്നു നേരിടേണ്ടി വന്നത്. ബന്ധം വേര്‍പെടുത്താന്‍ ശ്രമിച്ചാല്‍ ‘കൊന്നുകളയും’എന്നു ഭീഷണിപ്പെടുത്തി. ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള 57 മെസേജുകളാണ് നാലാം തീയതി ഇയാള്‍ മിഷേലിനയച്ചത്. മൂന്നുതവണ ഫോണ്‍ ചെയ്തു. അഞ്ചാം തീയതി 32 ഭീഷണി സന്ദേശങ്ങള്‍ അയച്ചു. ആറുതവണ ഫോണിലൂടെ ഭീഷണിപ്പെടുത്തി. ഇതേത്തുടര്‍ന്ന് താന്‍ ചില തീരുമാനങ്ങള്‍ എടുത്തിട്ടുണ്ടെന്നും തിങ്കളാഴ്ച എന്താണെന്ന് അറിയാമെന്നും ക്രോണിനോട് മിഷേല്‍ പറഞ്ഞിരുന്നു. ഇത് ആത്മഹത്യാ സൂചനയായിരുന്നെന്നാണ് പൊലീസ് നിഗമനം.
അതിനിടെ ക്രോണിന്‍ മിഷേലിനെ തല്ലിയതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൂട്ടുകാരികള്‍ പൊലീസിനോട് വിലയിരുത്തി. ചോദ്യംചെയ്യലില്‍ ക്രോണിന്‍ ഇക്കാര്യം സമ്മതിച്ചു. ക്രോണിന്‍ കടുത്ത സംശയരോഗിയാണെന്ന് മിഷേല്‍ കൂട്ടുകാരികളോട് പറഞ്ഞിരുന്നു. കലൂര്‍ പള്ളിക്കു മുമ്പിലിട്ട് തല്ലിയതോടെ മിഷേല്‍ ബന്ധം അവസാനിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, ക്രോണിന്‍ പലവട്ടം മാപ്പ് പറഞ്ഞ് ബന്ധം തുടരുകയായിരുന്നു. ഛത്തീസ്ഗഡിലെ സ്വകാര്യസ്ഥാപനത്തിലാണ് ഇയാള്‍ ഇപ്പോള്‍ ജോലി ചെയ്യുന്നത്. മറ്റു രണ്ടു പെണ്‍കുട്ടികളെയും ക്രോണിന്‍ ചതിച്ചതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. എന്നിട്ടും ആത്മഹത്യയായി മിഷേലിന്റെ മരണത്തെ മാറ്റാന്‍ പൊലീസ് ശ്രമിക്കുന്നതായി സൂചനയുണ്ട്.
മിഷേല്‍ ആത്മഹത്യ ചെയ്തതാണെന്ന പൊലീസിന്റെ പ്രാഥമിക നിഗമനം മിഷേലിന്റെ വീട്ടുകാരും നാട്ടുകാരും വിശ്വസിക്കുന്നില്ല. ആത്മഹത്യ ചെയ്യേണ്ട ഒരു സാഹചര്യവും ഇല്ലെന്ന് അവര്‍ പറയുന്നു. പിറവം കേന്ദ്രീകരിച്ച് കര്‍മ്മസമിതിയും രൂപീകരിച്ചിട്ടുണ്ട്. ബുധനാഴ്ച കര്‍മസമിതി മുഖ്യമന്ത്രിയെ കണ്ട് പരാതി നല്‍കും. കാണാതാകുമ്പോഴത്തെ സാഹചര്യ തെളിവുകളും പോസ്റ്റ്‌മോര്‍ട്ടമടക്കമുള്ള ദേഹ പരിശോധനാ വിവരങ്ങളും പരിശോധിച്ച് കാര്യക്ഷമമായ അന്വേഷണം നടത്തണമെന്നാണ് കര്‍മസമിതിയുടെ ആവശ്യം.
വൈകീട്ട് കലൂരില്‍ പള്ളിയില്‍ നിന്നിറങ്ങിയ മിഷേലിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. വീട്ടുകാരാണ് കലൂര്‍ പള്ളിയില്‍ നിന്ന് ദൃശ്യങ്ങള്‍ എടുത്തത്. ആറര മണിയോടെ മിഷേലിന്റെ മൊബൈല്‍ സ്വിച്ച് ഓഫായി. രാത്രി എട്ടു മണിക്ക് ഹോസ്റ്റലില്‍ നിന്ന് വിളിച്ചപ്പോഴാണ് മിഷേലിനെ കാണാതായ വിവരം വീട്ടുകാര്‍ അറിഞ്ഞത്. ഉടന്‍തന്നെ അവര്‍ എറണാകുളത്തെത്തി അന്വേഷണം ആരംഭിക്കുകയും സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. പെണ്‍കുട്ടിയെ കാണാതായതായി പരാതി ഉയര്‍ന്നിട്ട് പൊലീസ് നിസ്സംഗത പാലിച്ചതും അന്വേഷണം എങ്ങുമെത്തുന്നതിനു മുമ്പുതന്നെ മിഷേലിന്റെ മരണം ആത്മഹത്യയാണെന്ന് പറഞ്ഞതുമാണ് സംശയത്തിനിട നല്‍കിയത്.
സി.എ.യ്ക്ക് പഠിക്കുന്ന മകളെ ദുരൂഹ സാഹചര്യത്തില്‍ കാണാതായതിനെ തുടര്‍ന്ന് പരാതിയുമായെത്തിയ പിതാവിനെയും കന്യാസ്ത്രീകളടക്കമുള്ള ബന്ധുക്കളെയും നിരുത്തരവാദപരമായ മറുപടി പറഞ്ഞ് മടക്കി അയച്ച പൊലീസ് ഉദ്യോഗസ്ഥര്‍ സേനയ്ക്കു തന്നെ അപമാനമാണെന്ന് കേരള കോണ്‍ഗ്രസ് (ജേക്കബ്) ചെയര്‍മാന്‍ ജോണി നെല്ലൂര്‍ ആരോപിച്ചു. പെണ്‍കുട്ടിയെ കാണാതായ ദിവസം രാത്രി 11 മണിയോടെ എറണാകുളത്ത് രണ്ട് സ്റ്റേഷനുകള്‍ കയറിയിറങ്ങിയ ശേഷമാണ് അവര്‍ സെന്‍ട്രല്‍ സ്റ്റേഷനിലെത്തിയത്. എസ്.ഐ. ഇല്ലെന്നും പിറ്റേന്ന് രാവിലെ എട്ടരയ്‌ക്കെത്താനുമാണ് ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ മാതാപിതാക്കളോട് പറഞ്ഞത്.
സ്വന്തം നിലയില്‍ രാത്രി വൈകിയും മകളെ അന്വേഷിച്ചു വലഞ്ഞ അവര്‍ വീണ്ടും രണ്ടര മണിക്ക് സെന്‍ട്രല്‍ സ്റ്റേഷനിലെത്തിയപ്പോള്‍, ഇപ്പോള്‍ ദിവസം മാറിയെന്നും പരാതിയിലെ തീയതി ആറ് എന്നാക്കി തരാനുമാണ് പൊലീസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത്. കേസെടുത്ത് മൊബൈല്‍ ഫോണിന്റെ ടവര്‍ ലൊക്കേറ്റ് ചെയ്ത് അന്വേഷണം നടത്തിയിരുന്നെങ്കില്‍ മിഷേലിനെ രക്ഷിക്കാമായിരുന്നുവെന്നും ജോണി നെല്ലൂര്‍ അഭിപ്രായപ്പെട്ടു.
The post മിഷേലിന്റെ മരണം ആത്മഹത്യയെന്നുറപ്പിച്ച് പോലീസ്; പ്രേരണാക്കുറ്റം ചുമത്തി അകന്ന ബന്ധു ക്രോണിന്‍നെ അറസ്റ്റ് ചെയ്തു; ദുരൂഹത നീങ്ങുന്നില്ലെന്നും ആരോപണം appeared first on Daily Indian Herald.