കൊച്ചി: കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സി.എ വിദ്യാര്‍ത്ഥിനി മിഷേലിന്റെ മരണത്തില്‍ ദുരൂഹത. കുട്ടി ആത്മഹത്യ ചെയ്തതല്ലെന്നും പോലീസ് കാര്യക്ഷമമായി അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. ഞാറാഴ്ച വൈകിട്ട് രണ്ട് യുവാക്കള്‍ പിന്തുടരുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന്് ലഭിച്ചു. കലൂര്‍ പള്ളിയില്‍ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോള്‍ ബൈക്കിലെത്തിയ രണ്ട് യുവാക്കള്‍ പിന്തുടരുന്ന ദൃശ്യങ്ങളാണ് പള്ളിയുടെ സിസിടിവിയില്‍ പതിഞ്ഞത്. പ്രാര്‍ത്ഥന കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങുന്ന സമയം ബൈക്കിലെത്തിയ യുവാക്കളെ കണ്ട് മിഷേല്‍ വെപ്രാളപ്പെട്ട് കലൂര്‍ ഭാഗത്തേക്ക് ആദ്യം ഇറങ്ങുകയും പിന്നീട് ദേശാഭിമാനി ജങ്ഷനിലേക്ക് നടക്കുന്നതിന്റേയും ദൃശ്യങ്ങളാണ് ലഭിച്ചത്. ബൈക്കിലെത്തിയ യുവാക്കളെ കണ്ടിട്ടാവും മിഷേല്‍ പേടിയോടെ തിരിഞ്ഞു നോക്കികൊണ്ട് മറ്റൊരുദിശയിലേക്ക് നടന്നതെന്ന് പിതാവ് ഷാജി പറഞ്ഞു.
എന്നാല്‍ സംഭവത്തില്‍ പോലീസിന്റെ അനാസ്ഥയും പുറത്ത് വരുന്നുണ്ട്. മിഷേലിനെ കാണ്മാനില്ലെന്ന പരാതിയില്‍ പോലീസ് കാര്യമായ അന്വേഷണം നടത്തിയില്ലെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. അനാസ്ഥയെക്കെതിര സിനിമാ താരം നിവിന്‍ പോളിയും രംഗത്തെത്തി. നീതിക്കു വേണ്ടിയുള്ള മിഷേലിന്റെ കുടുംബത്തിന്റെ പോരാട്ടത്തിന് പിന്തുണ നല്‍കണമെന്നും താരം ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭ്യര്‍ത്ഥിച്ചു.
ഞാറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്കാണ് അവള്‍ അവസാനമായി വീട്ടിലേക്ക് വിളിച്ചത്. തിങ്കളാഴ്ച ഒരു ടെസ്റ്റ് പേപ്പര്‍ ഉണ്ടെന്നും ആ സബ്‌ജെക്ടിന്റെ സ്റ്റഡിമെറ്റീരിയല്‍ വീട്ടിലാണെന്നും അതെടുക്കാന്‍ വീട്ടിലേക്ക് വരട്ടെയെന്നും മകള്‍ ഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞതായി മാതാവ് പറഞ്ഞു. വീട്ടിലേക്ക് തനിച്ച് വരണ്ടെന്നും സമയം കിട്ടിയാല്‍ രാത്രി ഞങ്ങള്‍ അങ്ങോട്ട് വരാമെന്നും, അല്ലെങ്കില്‍ രാവിലെ പപ്പയെ കോളേജിലേക്ക് ബുക്കുമായി വിട്ടേക്കാമെന്നും മകളോട് പറഞ്ഞു. രാത്രി എട്ട് മണിവരെ മാത്രമേ, കച്ചേരിപ്പടിയിലെ സെന്റ് തേരാസസ് മേഴ്‌സി ഹോമില്‍ ഫോണ്‍ അനുവദിക്കുകയുള്ളു. എട്ടേ പത്തിന് ഫോണില്‍ വിളിച്ചപ്പോള്‍ സ്വിച്ച് ഓഫ് ആണ്. ഫോണ്‍ ഉപയോഗിക്കാന്‍ അനുവദിച്ച സമയം കഴിഞ്ഞതിനാല്‍ സ്വിച്ച് ഓഫ് ചെയ്തതാവുമെന്നാണ് ആദ്യം കരുതിയത്. തുടര്‍ന്ന് രാത്രി 08.35 നാണ് ഹോസ്റ്റലില്‍ നിന്ന് വിളിച്ച് മിഷേല്‍ എത്തിയിട്ടില്ലെന്ന് അറിയിച്ചതെന്ന് മാതാവ് പറയുന്നു.
ഉടനെതന്നെ വീട്ടില്‍ നിന്ന് ആളുകള്‍ കച്ചേരിപ്പടിയിലെത്തി എല്ലാഭാഗത്തും അന്വേഷിച്ചു. കലൂര്‍ പള്ളിയിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. തുടര്‍ന്നാണ് മിസ്സിംഗിന് സെന്‍ട്രല്‍ സ്റ്റേഷനില്‍ രാത്രിതന്നെ പരാതി നല്‍കുന്നത്. മിഷേല്‍ ഹോസ്റ്റലില്‍ നിന്ന് അഞ്ചുമണിയോടെ കലൂര്‍ പള്ളിയിലേക്ക് ഇറങ്ങുന്ന സമയത്ത് ഫോണിന്റെ ബാറ്ററി ലോ ആയിരുന്നു എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. കലൂര്‍ ടവറിന് കീഴില്‍ വച്ച് 06.20 ഓടെ ഫോണ്‍ സ്വിച്ച് ഓഫായെന്നാണ് സൈബര്‍ സെല്ലില്‍ നിന്ന് ലഭിക്കുന്ന വിവരം. തുടര്‍ന്ന് തിങ്കളാഴ്ചയാണ് മൃതദേഹം കായലില്‍ നിന്ന് മീന്‍പിടുത്തക്കാര്‍ കണ്ടെടുക്കുന്നത്. മൃതദേഹം ഏതാനം മണിക്കൂര്‍ മാത്രം വെള്ളത്തില്‍ കിടന്ന ലക്ഷണമേ ഉള്ളൂവെന്നാണ് മീന്‍പിടുത്തക്കാര്‍ പറയുന്നത്.
മുഖത്തിന്റെ വലത് വശത്തായി കണ്ണിന് തൊട്ട് താഴെ നഖം കൊണ്ട മുറിവുണ്ട്. വലത് കൈയുടെ മടക്കിനോട് ചേര്‍ന്ന് മൂന്നു മുറിവുകളും കാലിന് ചെറിയ പോറലും മാത്രമായിരുന്നു ശരീരത്തിലുണ്ടായിരുന്നത്. കായലില്‍ നിന്ന് കണ്ടെടുക്കുമ്പോള്‍ വെള്ളം കുടിച്ച് മരിച്ചതിന്റെ ലക്ഷണങ്ങളില്ല. ബോഡിയുടെ നിറം മാറിയിട്ടുമില്ല. അതായത് ജീവനോടെ എങ്ങനെ മോളെ കാണുന്നുവോ അതുപോലെ തന്നെയായിരുന്നു ബോഡിയെന്ന് മിഷേലിന്റെ പിതാവിന്റെ സഹോദരന്‍ പറയുന്നു. ബോഡിയുടെ ചിത്രങ്ങള്‍ മുക്കുവരെ കാണിച്ചുപ്പോള്‍ അവര്‍ പറഞ്ഞത് ഇത് കായലില്‍ വീണ് മരിച്ചബോഡി അല്ലെന്നാണ്. കാരണം, എറണാകുളത്തെ കായലില്‍ വീണ് മരിച്ചാല്‍ കറുത്ത വണ്ടുകള്‍ പോലത്തെ ഒരുതരം പ്രാണികള്‍ ശരീരത്ത് മുഴുവനും കടിച്ചുപിടിച്ചിരിക്കും എന്നാണ്.
അതേസമയം, ഫോണ്‍ സ്വിച്ച് ഓഫ് ആകുന്നതിന്റെ മുമ്പ് അവസാനമായി വന്ന രണ്ട് കോളുകളെപറ്റി പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രണയാഭ്യര്‍ത്ഥനയുമായി വിദ്യാര്‍ത്ഥിനിയുടെ പുറകേനടന്ന് ശല്ല്യപ്പെടുത്തിയ ആളാണ് ഇതെന്ന വാദമാണ് പൊലീസ് നിരത്തുന്നത്. അന്ന്യസംസ്ഥാനത്തുള്ള ഈ യുവാവിനെ പൊലീസ് ചോദ്യം ചെയ്യാന്‍ കൊച്ചിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ഈ യുവാവിന്റെ ശല്ല്യം സഹിക്കവയ്യാതെ മിഷേല്‍ ആത്മഹത്യചെയ്തുവെന്നാണ് പൊലീസ് സംശയിക്കുന്നത്. എന്നാല്‍ ആത്മഹത്യ ചെയ്തുവെന്ന വാദം പൂര്‍ണ്ണമായും തള്ളുകയാണ് മിഷേലിന്റെ പിതാവ് എണ്ണക്കാപിള്ളില്‍ ഷാജിയും മറ്റുബന്ധുക്കളും.
ഇപ്പോള്‍ സിഎ യ്ക്ക് പഠിക്കുന്ന പാലാരിവട്ടത്തെ ലോജിക്ക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തന്നെയാണ് എന്‍ട്രന്‍സ് കോച്ചിംങും ചെയ്തത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് സി.പി.ടി കോഴ്‌സ് ആരംഭിച്ചത്. എന്‍ട്രന്‍സ് കോച്ചിംങ് ചെയ്യുന്ന സമയം മുതല്‍ക്കേ പിതാവാണ് മിഷേലിനെ ആഴ്ചയിലൊരിക്കല്‍ കാറില്‍ ഹോസ്റ്റലില്‍ കൊണ്ടുവിടുന്നതും കൂട്ടിക്കൊണ്ടുവരുന്നതും. മറ്റാരെക്കാളും തന്നോടായിരുന്നു അവള്‍ എല്ലാകാര്യങ്ങളും ഷെയര്‍ ചെയ്യുന്നത്. എന്ത് ബുദ്ധിമുട്ട് ഉണ്ടായാലും വളരെ ലാഘവത്തോടെ കൈകാര്യം ചെയ്യുന്ന സ്വഭാവക്കാരിയാണ് മിഷേല്‍. അതുകൊണ്ടാവാം കഴിഞ്ഞ മാസം 26 ന് നടന്ന സംഭവം വീട്ടില്‍ അറിയിക്കാതിരുന്നതും മാതാവ് ചോദിക്കുന്നു.
കലൂര്‍ പള്ളിയില്‍ പോയി ഇറങ്ങിവരുമ്പോള്‍ ആരോ ഒരാള്‍ വന്ന് പേര് ചോദിച്ചു. ‘ നിന്റെ കണ്ണില്‍ നോക്കിക്കൊണ്ടിരിക്കാന്‍ നല്ല ഭംഗിയാണെന്നും’ പറഞ്ഞു. അപ്പോള്‍ മിഷേല്‍ പേടിച്ച് ബസ് സ്റ്റോപ്പില്‍ പോയി നിന്നു, അപ്പോള്‍ അയാള്‍ ബസ് സ്റ്റോപ്പില്‍ വന്നു. പിന്നെ ഹോസ്റ്റലിലേക്ക് ഓടിപ്പോയി. കോളേജിലെ ഒരു ഫ്രണ്ടിനെ വിളിച്ച് പറഞ്ഞു. ആ സുഹൃത്ത് മറ്റൊരാളേയും കൂട്ടിക്കൊണ്ട് പോയി പള്ളിയുടെ പരിസരം നിരീക്ഷിച്ചു. പക്ഷെ അവിടെ ആരേയും കണ്ടില്ല. എന്‍.ആര്‍.ഐ സ്ലാങ് മാതിരിയുള്ള സംഭാഷണം ആണെന്ന് മാത്രമാണ് വന്നയാളെക്കുറിച്ച് പറഞ്ഞ ഐഡന്റിഫിക്കേഷന്‍. ഇത്രയും കാര്യങ്ങള്‍ ഹോസ്റ്റലിലെ സുഹൃത്തുക്കളോടാണ് മിഷേല്‍ പറഞ്ഞതെന്നും മാതാവ് പറയുന്നു.
മിഷേല്‍ എല്ലാവരോടും വളരെ ഓപ്പണായിട്ട് സംസാരിക്കുന്ന പ്രകൃതക്കാരിയാണ്. ഞാറാഴ്ച രാവിലേയും വിളിച്ചു. കുറേ കളി തമാശകളും സിനിമക്കാര്യങ്ങളും പറഞ്ഞ് ഹാപ്പിയായിട്ടാണ് ഫോണ്‍വച്ചത്. ഉച്ചകഴിഞ്ഞ് പള്ളിയില്‍ പോകുമെന്നും പറഞ്ഞിരുന്നുവെന്ന് മിഷേലിന്റെ സഹോദരന്‍ ജില്‍സ് പറഞ്ഞു. സണ്‍ഡേ സ്‌കൂളില്‍ മുടങ്ങാതെ പോയിരുന്നു. സണ്‍ഡേ സ്‌കൂളില്‍ അദ്ധ്യാപികയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എല്ലാ ഞാറാഴ്ചയും പള്ളിയില്‍ പോകും. സെന്റ് ഫിലോമിനാസ് പബ്ലിക്ക് സ്‌കൂള്‍ ആന്‍ഡ് ജൂനിയര്‍ കോളേജിലാണ് മിഷേല്‍ പ്ലസ്ടുവരെ പഠിച്ചത്. പത്താം ക്ലാസ്സില്‍ മുഴുവന്‍ വിഷയത്തിനും എ പ്ലസ് ലഭിച്ചിരുന്നു. പ്ലസ് ടുവിന് 90 ശതമാനം മാര്‍ക്കും ഉണ്ടായിരുന്നു. പ്ലസ് വണ്ണില്‍ പഠിക്കുമ്പോള്‍ സ്‌കൂള്‍ ചെയര്‍പേഴ്‌സണ്‍ ആയിരുന്നു മിഷേലെന്ന് സഹോദരന്‍ പറയുന്നു. പിറവത്തിന് സമീപം കുളങ്ങരപ്പടിയിലാണ് ഇവര്‍ താമസിച്ചുവരുന്നത്. പിറവത്ത് ഇലട്രിക്കല്‍ സ്ഥാപനം നടത്തിവരികയാണ് ഷാജി. മിഷേലിന് ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന ഒരു സഹോദരനും ഉണ്ട്.
The post മിഷേലിന്റെ കൊലപാതകത്തില്‍ ദുരൂഹത നീങ്ങുന്നില്ല; പോലീസിന്റെ അനാസ്ഥ മുഖ്യ കാരണമെന്ന് ആരോപണം; കുടുംബത്തിന് നീതി ലഭിക്കാനായി എല്ലാവരും ശബ്ദമുയര്‍ത്തണമെന്ന് നിവിന്‍പോളി appeared first on Daily Indian Herald.