പാലക്കാട്: പാലക്കാട് നാലാംക്ലാസ്സുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മരണത്തില്‍ ദുരൂഹതയെന്ന് ആരോപിച്ച് കുടുംബം. നാലാംക്ലാസുകാരി ശരണ്യയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒന്നരമാസം മുമ്പ് ഇതേ സ്ഥലത്ത് കുട്ടിയുടെ ചേച്ചിയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇതാണ് ദുരൂഹതയുണ്ടെന്ന ആരോപണം ശക്തമാവാന്‍ കാരണം. രണ്ടാനച്ഛന്‍ ഷാജിയും അമ്മ ഭാഗ്യവതിയും ജോലികഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് മകളെ മരിച്ചനിലയില്‍ കാണുന്നത്.
അട്ടപ്പളം എയുപി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ശരണ്യയെ കഴിഞ്ഞദിവസമാണ് വീടിനോട് ചേര്‍ന്നുള്ള ഷെഡിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എട്ട് വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടി ഇത്രയും ഉയരത്തില്‍ തൂങ്ങിമരിക്കാന്‍ സാധ്യതയില്ലെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. മുണ്ട് ഉപയോഗിച്ച് തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഫോറന്‍സിക് ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. എഎസ്പി പൂങ്കുഴലിയാണ് കേസന്വേഷിക്കുന്നത്. ദുരൂഹത നിലനില്‍ക്കുന്നതിനാല്‍ ശരണ്യയുടെ ചേച്ചി കൃതികയുടെ മരണവും പുനരന്വേഷിക്കാന്‍ ജില്ലാ പോലീസ് സൂപ്രണ്ട് എഎസ്പിക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
ശരണ്യയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്. അസ്വാഭാവിക മരണം എന്ന നിലയിലാണ് പോലീസ് കേസ് അന്വേഷിക്കുന്നത്. സഹോദരി മരിച്ച ദിവസം രണ്ട് പേര്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോകുന്നത് കണ്ടെന്ന് ശരണ്യ പോലീസിന് മൊഴി നല്‍കിയിരുന്നു.
The post നാലാം ക്ലാസ്സുകാരി തൂങ്ങിമരിച്ച നിലയില്‍; മുന്‍പ് ചേച്ചിയെയും ഇതേ സ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു; ദുരൂഹത എന്ന് രക്ഷിതാക്കള്‍ appeared first on Daily Indian Herald.