Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20671

ചരിത്ര വ്യക്തികളുടെ സ്മരണകളുറങ്ങുന്ന മണ്ണ്; ലക്ഷമി നായരുടെ ലോ അക്കാഡമി ഭൂമിയുടെ ഞെട്ടിക്കുന്ന ചരിത്രം

$
0
0

തിരുവനന്തപുരം ലോ അക്കാഡമി അനധികൃതമായി കൈവശം വച്ചിരിക്കുന്ന സര്‍ക്കാര്‍ ഭൂമി തിരുക്കൊച്ചി ധന-റവന്യൂ മന്ത്രി ആയിരുന്ന (1954) പി.എസ് നടരാജപിള്ളയുടെ കുടുംബസ്വത്തായിരുന്നു എന്നും ലോകപ്രസിദ്ധ ചരിത്ര പണ്ഡിതനും തത്വചിന്തകനും നാടകകൃത്തും ആയ മനോന്മണീയം സുന്ദരന്‍ പിള്ളയ്ക്ക് പുരാതന തിരുവിതാംകൂര്‍ ചരിത്ര വിഷയമായി തയാറാക്കിയ പ്രബന്ധത്തിനു പാരിതോഷികമായി, (Some Early sovereigns of Travancore 1894) ശ്രീമൂലം തിരുനാളില്‍ നിന്ന് സമ്മാനമായി ലഭിച്ചതാണെന്നും അറിയാവുന്നവര്‍ വിരളം. 130 വര്‍ഷം മുമ്പ് തന്റെ പ്രൊഫസര്‍ ഹാര്‍വിയുടെ സ്മരണ നിലനിര്‍ത്താന്‍ നൂറേക്കര്‍ വരുന്ന മരുതുംമൂലയിലെ (പില്‍ക്കാലത്തെ പേരൂര്‍ക്കട) കുന്നിനു അദ്ദേഹം ‘ഹാര്‍വിപുരം’ (ചിലര്‍ കരുതും പോലെ അത് ‘ആര്‍.വി പുരം’ അല്ല) എന്ന് പേരിട്ടു .അതില്‍ പണിയിച്ച മനോഹരമായ വീടിനു ‘ഹാര്‍വി പുരം ബംഗ്ലാവ്’ എന്നും പേരിട്ടു.

നിരവധി ചരിത്ര പുരുഷന്മാര്‍ സന്ദര്‍ശിക്കുയും തങ്ങുകയും ചെയ്ത പൈതൃക ഭവനം . കുഞ്ഞനും (പില്‍ക്കാലത്ത് ചട്ടമ്പി സ്വാമികള്‍) നാണുവും (പില്‍ക്കാലത്ത് ശ്രീനാരായണ ഗുരു) പഠനത്തിനും ചര്‍ച്ചകള്‍ക്കായും നിരവധി തവണ തങ്ങിയ വീട്. സുന്ദരം പിള്ളയുടെ ഭാര്യ ശിവകാമിയമ്മാള്‍ അവര്‍ ഇരുവരുടെയും പോറ്റമ്മ ആയിരുന്നു എന്ന് നടരാജപിള്ള യുടെ ജീവചരിത്രത്തില്‍ (സാംസ്‌കാരിക വകുപ്പ് പ്രസിദ്ധീകരണം -പി സുബ്ബയ്യാ പിള്ള ) സ്വാമി വിവേകാനന്ദന്‍ 1892ല്‍ കന്യാകുമാരിയില്‍ പോകും മുമ്പ് അവിടെ തങ്ങി . ഹാര്‍വി പുരം കുന്നിലെ കാട്ടിന്‍ നടുവില്‍ ഉള്ള ‘അടുപ്പ് കൂട്ടാന്‍ പാറ’യില്‍ (ഈ പാറ ഇന്ന് തകര്‍ക്കപ്പെട്ടു ) ധ്യാനത്തിന് പറ്റുമോ എന്നറിയാന്‍ സ്വാമികള്‍ പോയത് കാര്യസ്ഥന്റെ തോളില്‍ കയറി ആയിരുന്നു എന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. കാളി (പില്‍ക്കാലത്ത് അയ്യങ്കാളി), പപ്പു (പില്‍ക്കാലത്ത് ഡോ .പള്‍പ്പ്) , വെങ്കിട്ടന്‍ (പില്‍ക്കാലത്ത് ജയ്ഹിന്ദ് ചെമ്പക രാമന്‍ പിള്ള), ഫാദര്‍ പേട്ട ഫെര്‍ണാണ്ടസ്, മക്കിടി ലബ്ബ സര്‍ വാള്‍ട്ടര്‍ വില്യംസ്റ്റിക്ക് ലാന്‍ഡ് ജയ് ഹിന്ദ് (ചെമ്പകരാമന്‍ പിള്ളയെ ജര്‍മ്മിനിയില്‍ കൊണ്ടുപോയ ജൈവ ശാസ്ത്രഞ്ജന്‍ ), പത്തൊന്‍പതാം നൂറ്റാണ്ടിലെ യാഗപ്രചാരകന്‍ ശിവരാജ യോഗി തൈക്കാട്ട് അയ്യാവു സ്വാമികള്‍. പേട്ട രാമന്‍പിള്ള ആശാന്‍ (1814-1909) എന്നിവരെല്ലാം ഈ വീട്ടിലെ സന്ദര്‍ശകരും താല്‍ക്കാലിക താമസക്കാരുമായിരുന്നു . ജ്ഞാനപ്രജാഗരം(1876), ശൈവ പ്രകാശ സഭ (1885), തിരുവനന്തപുരം പബ്ലിക് ലൈബ്രറി എന്നിവയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇവിടെ അരങ്ങേറി. കേരള നവോത്ഥാനത്തിന്റെ മൂശ ഈ ബംഗ്ലാവ് ആയിരുന്നു. ഡാര്‍വിന്‍ എന്നിവരുമായി നേരില്‍ കത്തിടപാടുകള്‍ നടത്തിയിരുന്ന പണ്ഡിതനും തത്വ ചിന്തകനുമായിരുന്നു സുന്ദരം പിള്ള എന്ന് അദ്ദേഹം എഴുതിയ കത്തുകള്‍ വെളിപ്പെടുത്തുന്നു (പി .ഗോവിന്ദപ്പിള്ള ) സ്വാമി വിവേകാന്ദന്‍ , അയ്യാ സ്വാമികള്‍, ചട്ടമ്പി സ്വാമികള്‍ ശ്രീ നാരായണ ഗുരു തുടങ്ങിയവര്‍ വിശ്രമിക്കാന്‍ ഉപയോഗിച്ചിരുന്ന ഈ ബംഗ്ലാവിലെ ‘കുളിര്‍മ്മ കട്ടില്‍ ‘ ഇന്ന് കന്യാകുമാരിയില്‍ സംരക്ഷിക്കപ്പെടുന്നു

മനോന്മണീയം എന്ന തമിഴ് നാടകം എഴുതിയ സുന്ദരം പിള്ള തമിഴ് ഷേക്സ്പീയര്‍ എന്നറിയപ്പെടുന്നു . 1942 ല്‍ ചലച്ചിത്രം ആക്കപ്പെട്ട ഈ നാടകത്തിലെ അവതരണ ഗാനമാണ് തമിഴ് നാട്ടിലെ ദേശീയ ഗാനം(തമിഴ് വാഴ്ത്ത് ) . ഹാരപ്പന്‍ പര്യവേഷണം തുടങ്ങുന്നതിനു മുപ്പതു വര്‍ഷം മുമ്പ് തന്നെ ദ്രാവിഡ സംസ്‌കാരം ആണ് തനി ഭാരത സംസ്‌കൃതി എന്ന് കണ്ടെത്തി

വടക്കെ ഇന്ത്യയിലെ ജനങ്ങള്‍ ജനത തെക്കേ ഇന്ത്യയിലെ നദീതടങ്ങളില്‍ നിന്ന് വടക്കോട്ട് പോയവര്‍ എന്ന് വാദിച്ച ചരിത്ര പണ്ഡിതന്‍ ആയിരുന്നു പി.സുന്ദരന്‍ പിള്ള (ഹരി കട്ടെല്‍ ‘സ്ഥലനാമങ്ങള്‍ തിരുവനന്തപുരം ജില്ല’, ഡി.സി.ബുക്സ്, 2016). അകാലത്തില്‍ നാല്‍പ്പത്തി രണ്ടാം വയസ്സില്‍ അന്തരിച്ചതിനാല്‍, ഏക മകന്‍ നടരാജ പെരുമാളിന് അന്ന് വയസ് വെറും ആറു മാത്രം . ഭര്‍ത്താവ് മരിച്ച ഉടന്‍ ഭാര്യ ശിവകാമി അമ്മാള്‍ ബാലനായ നടരാജനെയും കൂട്ടി ജന്മനാടായ ആലപ്പുഴയ്ക്ക് പോയി സുന്ദരന്‍ പിള്ളയുടെ വിപുലമായ ലൈബ്രറി ശേഖരിച്ച ലേഖനങ്ങള്‍, ലേഖങ്ങള്‍ തയ്യാറാക്കാന്‍ തയ്യാറാക്കിയ നോട്ടുകള്‍ എന്നിവ കുഞ്ഞന്‍ (പിന്നീട് ചട്ടമ്പി സ്വാമികള്‍ ) കൈവശം ആയി. അവയില്‍ ഒന്ന് പോലും പിന്നീട് പി.സുന്ദരന്‍ പിള്ളയുടെ പേരില്‍ പ്രസിദ്ധീകൃതമായില്ല .

പി.സുന്ദരം പിള്ളയുടെ ഏക മകന്‍ ആയിരുന്നു നടരാജ പെരുമാള്‍ പിള്ള എന്ന പി.എസ് .നടരാജപിള്ള ,സ്റേറ്റ് കോണ്ഗ്രസ്സിന്റെ ആദ്യ പ്രസിഡന്റ്റ് . തിരുവിതാംകൂറിലേക്ക് അദ്ദേഹം ക്ഷണിച്ചു കൊണ്ടുവന്ന സര്‍ സി.പി രാമസ്വാമി അയ്യര്‍ പില്‍ക്കാലത്ത് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശത്രു ആയി മാറി . പൈതൃകമായി കിട്ടിയ നൂറോളം ഏക്കര്‍ സ്ഥലവും അതിലെ ഹാര്‍വിപുരം ബംഗ്ലാവും സി.പി കണ്ടു കെട്ടിയത് 1943 ല്‍. മൂത്തമകള്‍ മനോന്മണി പ്രസവിച്ചു കിടക്കുമ്പോള്‍ കൈക്കുഞ്ഞുമായി (അന്നത്തെ കൈക്കുഞ്ഞ് നല്ല ശിവന് ഇന്ന് പ്രായം 74) കുടിയിറക്കപ്പെട്ടു .

സ്വാതന്ത്ര്യം കിട്ടി. നടരാജപിള്ള നിയമ സഭാംഗമായി. മന്ത്രിയായി ഉടന്‍ തന്നെ സഹമന്ത്രിമാര്‍ പാര പണിതു അദ്ദേഹം ഡല്‍ഹിയില്‍ സംസ്ഥാന പ്രതിപുരുഷന്‍ ആയി. പില്‍ക്കാലത്ത് ധനറവന്യു മന്ത്രിയായി. നിരവധി നല്ല കാര്യങ്ങള്‍ സാധാരണക്കാര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ചെയ്തു. ഇന്ത്യയില്‍ ആദ്യമായി ഭൂപരിഷ്‌കരണത്തിനായി ആറു ബില്ലുകള്‍ അവതരിപ്പിച്ചു (7 ആഗസ്റ്റ് 1954). അസൂയ തോന്നിയ കോണ്‍ഗ്രസ് പാര്‍ട്ടി പി.എസ് പിയ്ക്കുള്ള പിന്തുണ പിന്‍വലിച്ചു. അസൂയക്കാരായ കമ്യൂണിസ്റ്റുകള്‍ പി.എസ.പി യെ പിന്താങ്ങി ഭൂപരിഷ്‌കരണം നടപ്പിലാക്കാന്‍ സഹായിച്ചില്ല. പിന്നെ കേരളം രൂപീകൃതമായപ്പോള്‍ നടരാജപിള്ളയുടെ വെള്ളാള സമുദായത്തിന് പ്രാമുഖ്യം ഉള്ള നാല് തെക്കന്‍ തിരുവിതാംകൂര്‍ ജില്ലകള്‍ വെട്ടി മാറ്റി, കമ്മ്യൂണിസ്റ്റ് സ്വാധീനം ഉള്ള മലബാര്‍ കൂട്ടിച്ചേര്‍ക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ ഭാര്യാ പിതാവ്, സംസ്ഥാന പുന സംഘടന കമ്മീഷന്‍ അംഗം ആയ സര്‍ദാര്‍ കെ.എം പണിക്കര്‍ തയാറായി. അങ്ങനെ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നു .

മന്ത്രിയായും എം.പി ആയും ഭരണ തലത്തില്‍ എത്തിയ നടരാജപിള്ള സര്‍ സി.പി കണ്ടു കെട്ടിയ പൈതൃക സ്വത്ത് തിരിച്ചെടുക്കാന്‍ ശ്രമിച്ചില്ല.

1966 ജനുവരി 10 നു നടരാജ പിള്ള അന്തരിച്ചു. അടുത്ത വര്‍ഷം അദ്ദേഹത്തിന്റെ ദ്വിതീയ ഭാര്യ, കോമളംബാള്‍ (ആദ്യ ഭാര്യ മരിച്ചതിനെ തുടര്‍ന്നു നടരാജപിള്ള ഭാര്യാ സഹോദരിയെ വിവാഹം ചെയ്തു. ഇരുവരിലുമായി പിള്ളയ്ക്ക് പന്ത്രണ്ടു മക്കള്‍ ) അന്നത്തെ മുഖ്യ മന്ത്രി ഇ.എം എസ് നമ്പൂതിരിപ്പാടിനെ നേരില്‍ കണ്ടു സങ്കടം അറിയിച്ചു. ഭര്‍ത്താവ്, ഭര്‍തൃപിതാവ് എന്നിവരുടെ സ്മരണ നില നിര്‍ത്താന്‍ കണ്ടുകെട്ടിയ ഭൂമിയില്‍ ഒരു ഭാഗവും ഹാര്‍വി ബംഗ്ലാവും തനിക്കു വിട്ടു തരണം എന്നപേക്ഷിച്ചു (1967). ലോ അക്കാദമിക്ക് സ്ഥലം പാട്ടത്തിനു കൊടുക്കാന്‍ പോകുന്നു എന്നറിഞ്ഞാണ് കോമാളാബാള്‍ ഇ. എം. എസ്സിനെ സമീപിച്ചത്. കൃഷി മന്ത്രി എം എന്‍ ഗോവിന്ദന്‍ നായര്‍ അത് കാര്‍ഷിക കോളേജിനു ചോദിച്ചിരിക്കുന്നു, ഒരു അപേക്ഷ എഴുതി തരൂ പരിഗണിക്കാം എന്ന് മുഖ്യമന്ത്രി പറഞ്ഞുവത്രേ!

പക്ഷേ ഏതാനും മാസം കഴിഞ്ഞപ്പോള്‍ ഇ.എം. എസ് തന്റെ അമീബിയാസിസ് (വയറുകടി ) ചികിത്സയ്ക്ക് അങ്ങ് ജര്‍മ്മനിയില്‍ പോയി. അദ്ദേഹത്തിന്റെ അഭാവത്തില്‍ ക്യാബിനറ്റില്‍ അദ്ധ്യക്ഷത വഹിച്ചത് വിവിധ പാര്‍ട്ടികളിലെ മന്ത്രിമാര്‍. കൃഷി മന്ത്രി എം എന്‍ ഗോവിന്ദന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ച ഒരു മന്ത്രിസഭാ യോഗത്തില്‍ നിയമം തെറ്റിച്ചു കാര്‍ഷിക സര്‍വ്വകലാശാലയ്ക്ക് മാറ്റി വച്ച ഹാര്‍ വി പുരം ബംഗ്ലാവ് പരിസരം നാരായണന്‍ നായര്‍ തുടങ്ങിയ ലോ അക്കാദമിക്ക് പാട്ടത്തിനു നല്‍കാന്‍ തീരുമാനമായി എന്ന് നടരാജ പിള്ളയുടെ കുടുംബം മനസ്സിലാക്കി. സഹായിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടിയോ കോടതിയില്‍ പോകാന്‍ സാമ്പത്തികമോ ഇല്ലാതിരുന്നു കൊമാളാംബാള്‍ സങ്കടം കടിച്ചമര്‍ത്തി ശേഷ കാലം ജീവിച്ചു മരിച്ചു.

ജീവിതകാലത്ത് ഭര്‍ത്താവിനോ ഭര്‍തൃപിതാവിനോ തിരുവനന്തപുരത്ത്, പേരൂര്‍ക്കടയില്‍ ഒരു സ്മാരകം ഉയരുന്നത് ആ മഹതിയ്ക്ക് കാണാന്‍ കഴിഞ്ഞില്ല. അവരുടെ മക്കള്‍ക്ക് കൊച്ചു മക്കള്‍ക്ക് അല്ലെങ്കില്‍ അവരുടെ കൊച്ചു മക്കള്‍ക്ക് ആ ഭാഗ്യം കിട്ടുമോ ? അന്യ നാട്ടില്‍ സ്മാരകം ഉണ്ടായിട്ടും സ്വന്തം നാട്ടില്‍, ജനിയ്ക്കയും വളരുകയും പ്രവര്‍ത്തിക്കുകയും ചെയ്ത, നാട്ടില്‍ ആ നാട്ടിന്റെ പഴമ വര്‍ക്കല തുരങ്കം നിര്‍മ്മിച്ചപ്പോള്‍ കിട്ടിയ പുരാതന വട്ടെഴുത്ത് (നാനം മോനം) രേഖകള്‍ വഴി കണ്ടെത്തിയ ലോകം അറിയുന്ന ആ മഹാന് എന്നെങ്കിലും ഉണ്ടാകുമോ? ജനായത്ത ഭരണ സംവിധാനത്തില്‍ അതിനുള്ള മാര്‍ഗ്ഗം ഇല്ലേ?

l1

l2

l3

The post ചരിത്ര വ്യക്തികളുടെ സ്മരണകളുറങ്ങുന്ന മണ്ണ്; ലക്ഷമി നായരുടെ ലോ അക്കാഡമി ഭൂമിയുടെ ഞെട്ടിക്കുന്ന ചരിത്രം appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20671

Latest Images

Trending Articles



Latest Images