Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

പിണറായി വിരുദ്ധമായ ലോ അക്കാദമി സമരം.പിണറായി ടാര്‍ജറ്റ് ചെയ്യപ്പെടുന്നു ?

$
0
0

തിരുവനന്തപുരം:കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ടാര്‍ജറ്റ് ചെയ്യപ്പെടുന്നുവോ എന്ന സംശയം സമീപ കാലത്തെ ചില സംഭവങ്ങള്‍ എടുത്തു പരിശോധിച്ചാല്‍ തോന്നിപ്പോകും .ഈ അടുത്ത കാലത്തുണ്ടായ മിക്ക വിഷയങ്ങളുടേയും അവസാനം ടാര്‍ജറ്റ് ചെയ്യപ്പെടുന്നത് പിണറായിയില്‍ കേന്ദ്രീകരിച്ചാണ്.ഇപ്പോള്‍ ലോ അക്കാദമി പ്രക്ഷോഭവവും പിണറായി വിരുദ്ധ സമരമാക്കി മാറ്റുന്നു. പ്രതിപക്ഷകക്ഷികള്‍ മാത്രമല്ല, ഇടതുമുന്നണിയിലെ ഘടകകക്ഷിയായ സി.പി.ഐയും പാര്‍ട്ടിയിലെ പിണറായി വിരുദ്ധരും ഒത്തുചേര്‍ന്നുകൊണ്ടാണ് ഇത് അദ്ദേഹത്തിനെതിരായ നീക്കമാക്കി മാറ്റുന്നത്. ഈ സാഹചര്യത്തില്‍ സമരം ഒത്തുതീര്‍പ്പിലെത്തിക്കാനും എതിരാളികളെ അതേ നിലയില്‍ നേരിടാനും തന്നെയാണ് സി.പി.എമ്മിന്റെ തീരുമാനം.ബി.ജെ.പി ഒഴികെ ഇപ്പോള്‍ സമരരംഗത്തുള്ള എല്ലാ കക്ഷികളും ലോ അക്കാദമിക്ക് ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ സഹായം നല്‍കിയിട്ടുള്ളവരാണ്. അവരാണ് ഇപ്പോള്‍ സര്‍ക്കാരിനെതിരെ പ്രത്യേകിച്ചും പിണറായിയെ ലക്ഷ്യം വച്ച് നീങ്ങുന്നതെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തല്‍. ബി.ജെ.പി ലോ അക്കാദിവിഷയത്തില്‍ നടത്തുന്ന സമരത്തില്‍ ഒരു ആത്മാര്‍ത്ഥതയുമില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ജെ.എന്‍.യുവിലും ഹൈദ്രാബാദിലുമുള്‍പ്പെടെ കേന്ദ്രസര്‍വകലാശാലകളില്‍ വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ നിഷേധിക്കുകയും അവരെ ജാതിപറഞ്ഞും അല്ലാതെയും അപമാനിക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തവരാണ് ഇവിടെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സമരരംഗത്ത് വന്നിരിക്കുന്നത്. ഇതില്‍ നിന്നുതന്നെ ആ പാര്‍ട്ടിയുടെ പാപ്പരത്തം എല്ലാവര്‍ക്കും മനസിലാകും. ലോ അക്കാദമിവിഷയം ഉപയോഗിച്ചുകൊണ്ട് സി.പി.എമ്മിനെ തറപറ്റിക്കാമെന്ന രാഷ്ട്രീയലക്ഷ്യമാണ് ബി.ജെ.പി സമരത്തിന് പിന്നിലെന്നും സി.പി.എം വ്യക്തമാക്കുന്നു. കോര്‍പ്പറേറ്റുകള്‍ക്ക് എല്ലാം തുറന്നുകൊടുക്കുകയും പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ ഉള്‍പ്പെടെ ഹനിക്കുകയും ചെയ്യുന്ന ബി.ജെ.പിക്ക് ഇതില്‍ ഇടപെടാന്‍ ധാര്‍മ്മികമായ അവകാശമില്ലെന്നാണ് സി.പി.എം. നിലപാട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ തന്നെ സി.പി.എം. ശക്തമായ പ്രചരണപരിപാടികള്‍ക്കും രൂപം നല്‍കും.
ഇതുപോലെത്തന്നെ സമരരംഗത്തുള്ള മറ്റുള്ള രാഷ്ട്രീയകക്ഷികളുടെയും പൊള്ളത്തരം പൊളിച്ചുകാട്ടാന്‍ സി.പി.എം തയാറെടുക്കുന്നുണ്ട്. ലോ അക്കാദമി വിഷയത്തില്‍ സമരം ഇത്രയും ശക്തമാക്കിയതിന് പിന്നില്‍ അവിടുശത്ത ഡയറക്ടര്‍മാരിലൊരാള്‍ സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം കോലിയക്കോടന്‍ കൃഷ്ണന്‍നായര്‍ ആയതുകൊണ്ടാണെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ഇല്ലാതെ ഒരുകാലത്തും സി.പി.എം. എന്ന പാര്‍ട്ടിയോ പിണറായി വിജയനോ ആ സ്ഥാപനത്തിന് ഒരു സഹായവും നല്‍കിയിട്ടില്ല. ആ സ്ഥാപനത്തിന് സ്ഥലം 30 വര്‍ പാട്ടത്തിന് നല്‍കിയത് സി.പി.ഐയുടെ കാലത്താണ്.

അത് അസൈന്‍ചെയ്തുകൊടുത്തത് 1985ല്‍ കെ. കരുണാകരന്റെ കാലത്താണ്. അപ്പോള്‍ തന്നെ ആദ്യം രജിസ്റ്റര്‍ ചെയ്തിരുന്ന സൈാസൈറ്റിയുടെ രൂപം മാറി, അത് കുടുംബട്രസ്റ്റ് ആയിരുന്നു. ആ കോളജിന് വീണ്ടും സര്‍വകലാശാലയുടെ അഫിലിയേഷന്‍ വീണ്ടും നല്‍കിയത് 1994ലാണ്. ഇത്തരത്തില്‍ കോണ്‍ഗ്രസും സി.പി.ഐയുമാണ് ലോ അക്കാദമിക്ക് വേണ്ട എല്ലാ സൗകര്യങ്ങളും വഴിവിട്ട് ചെയ്തുകൊടുത്തത്. പിന്നീട് അത് ഇപ്പോള്‍ സി.പി.എമ്മിന്റെയും മുഖ്യമന്ത്രിയുൃടേയും തലയില്‍ കെട്ടിവയ്ക്കാനുള്ള നീക്കം രാഷ്ട്രീയപാപ്പരത്തം മാത്രമാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇത്തരത്തില്‍ നിരവധി പരാതികള്‍ അക്കാദമിക്കെതിരെ സര്‍വകലാശാലയ്ക്ക് ലഭിച്ചെങ്കിലും ഒന്നിലും നടപടിയുമെടുത്തില്ല. മാത്രമല്ല, കഴിഞ്ഞ സര്‍ക്കാരിനെ നിയന്ത്രിച്ച കെ.പി.സി.സി പ്രസിഡന്റും ആഭ്യന്തരമന്ത്രിയുമാണ് ഇപ്പോള്‍ ഇതിനെതിരെ ശക്തമായ പ്രചരണം നടത്തുന്നത്. അന്ന് നടപടികളൊന്നും സ്വീകരിക്കാതെ ഇപ്പോള്‍ മാന്യത ചമയുന്നത് രാഷ്ട്രീയ സദാചാരത്തിന് വിരുദ്ധമാണെ്‌നും സി.പി.എം ചൂണ്ടിക്കാട്ടുന്നുണ്ട്.

സി.പി.ഐയും ഇക്കാര്യത്തില്‍ കടുത്ത കാപട്യമാണ് കാട്ടുന്നത്. സി. അച്യുതമേനോന്റെ കാലത്താണ് ആദ്യമായി പാട്ടം നീട്ടികൊടുത്തത്. അതുപോലെ ആ കോളജിന് വേണ്ട എല്ലാ സഹായവും നല്‍കിയിരുന്നത് സി.പി.ഐയാണ്. കോലിയക്കോടന്‍ കൃഷ്ണന്‍നായരെക്കുറിച്ച് പറയുമ്പോള്‍ സി.പി.ഐക്കാരും മറ്റുള്ളവരും സൗകര്യമായി വിട്ടുപോകുന്ന ഒരു വസ്തുതയുണ്ട്. അക്കാദമി ഡയറക്ടറും ലക്ഷ്മിനയാര്‍ക്ക് മുമ്പുവരെ പ്രിന്‍സിപ്പല്‍ ആയിരിക്കുകയും ചെയ്ത അവരുടെ പിതാവ് നാരായണന്‍നായര്‍ സി.പി.ഐക്കാരനുമാണ്. മാത്രമല്ല, ഇടതുമുന്നണി അധികാരത്തിലെത്തിയപ്പോഴൊക്കെ റവന്യുവകുപ്പ് സി.പി.ഐക്കായിരുന്നു. അന്നൊന്നും ഒരു വിരല്‍ പോലും അനക്കാത്തവര്‍, ഇപ്പോള്‍ വലിയ ന്യായം പ്രസംഗിക്കുന്നത് പിണറായിയെ ഒതുക്കാന്‍ വേണ്ടി മാത്രമാണെന്നും സി.പി.എം. വിലയിരുത്തുന്നു. അതുപോലെ ഇപ്പോള്‍ പാര്‍ട്ടിക്കെതിരെ വീണ്ടും ചന്ദ്രഹാസമിളക്കി രംഗത്തുവന്നിട്ടുള്ള വി.എസിന്റെ ലക്ഷ്യവും വീണ്ടും വിഭാഗീയത ആളിക്കത്തിക്കുകയെന്നതാണ്. അഞ്ചുവര്‍ഷം അദ്ദേഹം മുഖ്യമന്ത്രിയായിരുന്നപ്പോഴും ഈ സാഹചര്യങ്ങളൊക്കെത്തന്നെയാണ് ആ കോളജില്‍ നിലനിന്നിരുന്നത്. അന്നൊന്നും ഒരു ചെറുവിരല്‍ പോലുഗ അനക്കാന്‍ തയാറാകാത്ത വ്യക്തിയാണ് വി.എസ്. എന്നിട്ടാണ് ഇപ്പോള്‍ ഇക്കാര്യത്തില്‍ വലിയ സാമൂഹികപ്രതിബദ്ധതയുമായി രംഗത്തിറങ്ങിയിരിക്കുന്നത്.

ലോ അക്കാദമിയിലെ പ്രശ്‌നങ്ങളെ തങ്ങള്‍ ലഘുവായി കാണുന്നില്ലെന്ന് തന്നെയാണ് സി.പി.എമ്മിന്റെ നിലപാട്. അത് പരിഹരിക്കും. വിദ്യാര്‍ത്ഥികളുടെ അഭിപ്രായം ന്യായമാണ്. എന്നാല്‍ ഒരു സ്വകാര്യകോളജ് എന്ന നിലയില്‍ സര്‍ക്കാരിന് ഇടപെടുന്നതില്‍ പരിമിതികളുണ്ട്. അതിനുള്ളില്‍ നിന്നുകൊണ്ട് പ്രശ്‌നം പരിഹരിക്കാനാണ് നീക്കം. അതിനിടയില്‍ രാഷ്ട്രീയമുതലെടുപ്പിന് മുന്നണിക്കുള്ളില നിന്നായാലും പുറത്തുനിന്നായാലും നടത്തുന്ന ശ്രമങ്ങള്‍ ശക്തമായി നേരിടുകതന്നെ ചെയ്യും. ലാവ്‌ലിന്‍ കേസ് നടന്നപ്പോഴുള്ളതുപോലെ രാഷ്ട്രീയ-മാദ്ധ്യമസിന്‍ഡിക്കേറ്റ് കൂട്ടുകെട്ട് വീണ്ടും ഉദയം ചെയ്തിട്ടുണ്ടെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തല്‍. എന്നാല്‍ ഇതിലൊന്നും മുട്ടുകുത്തിക്കാന്‍ കഴിയില്ലെന്നും അവര്‍ പറയുന്നു.

The post പിണറായി വിരുദ്ധമായ ലോ അക്കാദമി സമരം.പിണറായി ടാര്‍ജറ്റ് ചെയ്യപ്പെടുന്നു ? appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20534

Trending Articles