Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20621

അഭയാര്‍ഥികള്‍ക്കും ഏഴ് രാജ്യങ്ങള്‍ക്കും ട്രംപിന്‍െറ വിലക്ക് .പ്രഖ്യാപിത ‘ശത്രുതാ’ നയങ്ങള്‍ നടപ്പാക്കിത്തുടങ്ങി?സിറിയയില്‍നിന്ന് അനിശ്ചിതകാലത്തേക്ക് വിലക്ക്

$
0
0

വാഷിങ്ടന്‍ :സിറിയയില്‍നിന്നുള്ള അഭയാര്‍ഥികള്‍ക്ക് അനിശ്ചിതകാലത്തേക്ക് പ്രവേശനം നിഷേധിച്ചു.സിറിയന്‍ അഭയാര്‍ഥികള്‍ ഉള്‍പ്പെടെ ഏഴ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് അമേരിക്കയില്‍ വിലക്ക് .യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, പ്രഖ്യാപിത ‘ശത്രുതാ’ നയങ്ങള്‍ നടപ്പാക്കിത്തുടങ്ങി. അഭയാര്‍ഥികള്‍ അമേരിക്കയില്‍ പ്രവേശിക്കുന്നതിനു നാലുമാസത്തെ വിലക്കും സിറിയ അടക്കം ഏഴു മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്നുള്ള സന്ദര്‍ശകര്‍ക്കു മൂന്നുമാസത്തെ താല്‍ക്കാലിക വിലക്കും ഏര്‍പ്പെടുത്തി ട്രംപ് ഉത്തരവിട്ടു. സിറിയന്‍ അഭയാര്‍ഥികള്‍ക്ക് അനിശ്ചിതകാലത്തേക്കാണു വിലക്ക്.

അതേസമയം മതപീഡനം മൂലം രാജ്യം വിടേണ്ടി വരുന്ന ന്യൂനപക്ഷങ്ങള്‍ക്കു മുന്‍ഗണന നല്‍കുമെന്നും ഉത്തരവിലുണ്ട്. ഇതു സിറിയയില്‍നിന്നു പലായനം ചെയ്യുന്ന ക്രൈസ്തവരെ ഉദ്ദേശിച്ചാണെന്നു പിന്നീട് ടിവി അഭിമുഖത്തില്‍ ട്രംപ് വ്യക്തമാക്കി.ഭീകരാക്രമണങ്ങളില്‍നിന്ന് അമേരിക്കക്കാരെ രക്ഷിക്കുന്നതിനു വേണ്ടിയാണു നടപടിയെന്നു പ്രസിഡന്റിന്റെ പ്രത്യേക അധികാരം ഉപയോഗിച്ചുള്ള ഉത്തരവില്‍ ട്രംപ് വ്യക്തമാക്കി. അഭയാര്‍ഥികള്‍, കുടിയേറ്റക്കാര്‍, സന്ദര്‍ശകര്‍ എന്നിവര്‍ക്കു യുഎസ് വീസ അനുവദിക്കുന്നതിനു കൂടുതല്‍ കര്‍ശനമായ യോഗ്യതാ പരിശോധനകള്‍ കൊണ്ടുവരുന്നതിനു മുന്നോടിയാണിത്.

. വീസ വിലക്ക് ഇറാന്‍, ഇറാഖ്, ലിബിയ, സൊമാലിയ, സുഡാന്‍, സിറിയ, യെമന്‍ എന്നീ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക്. ∙ സൗദി അറേബ്യ, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍ എന്നീ രാജ്യക്കാര്‍ക്ക് കര്‍ശനമായ പശ്ചാത്തല പരിശോധന.∙ യുഎസ് അഭയാര്‍ഥി പദ്ധതിയും അനിശ്ചിതമായി റദ്ദാക്കി.പ്രസിഡന്റിന്റെ ഉത്തരവ് പ്രാബല്യത്തില്‍ വന്നതോടെ വിമാനത്താവളങ്ങളില്‍ നടപടി തുടങ്ങി. ന്യൂയോര്‍ക്കിലേക്കുള്ള ഈജിപ്ത് എയര്‍ വിമാനത്തില്‍ കയറാനെത്തിയ അഞ്ച് ഇറാഖ് പൗരന്‍മാരെയും ഒരു യെമന്‍ പൗരനെയും കയ്റോ വിമാനത്തില്‍ വിലക്കി. ഗ്രീന്‍ കാര്‍ഡോ നയതന്ത്ര വീസയോ ഉള്ളവരെ മാത്രമേ വിമാനത്തില്‍ കയറ്റാവൂ എന്നു ഖത്തര്‍ എയര്‍വേയ്‌സ് നിര്‍ദേശിച്ചു.എന്നാല്‍, നയതന്ത്ര വിസ ഉള്‍പ്പെടെ ചില പ്രത്യേക വിഭാഗം വിസകള്‍ അനുവദിക്കും. അഭയാര്‍ഥികളായി പ്രവേശിപ്പിക്കുന്നവര്‍ അമേരിക്കക്ക് ഭീഷണിയാകാതിരിക്കാന്‍ കര്‍ശന പരിശോധന നടത്തണമെന്നും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഭാവിയില്‍ അഭയാര്‍ഥികളെ സ്വീകരിക്കുമ്പോള്‍ മതത്തിന്‍െറ പേരില്‍ പീഡിപ്പിക്കപ്പെടുന്നവര്‍ക്ക് മുന്‍ഗണന നല്‍കും. എന്നാല്‍, അവര്‍ മാതൃരാജ്യത്തെ ന്യൂനപക്ഷ മതത്തില്‍പെട്ടവര്‍ ആയിരിക്കണം.

2017ല്‍ സ്വീകരിക്കുന്ന അഭയാര്‍ഥികളുടെ എണ്ണം 50,000 ആയി കുറച്ചു. മുന്‍ഗാമി ബറാക് ഒബാമ ലക്ഷം പേര്‍ക്ക് അഭയം നല്‍കാനാണ് പദ്ധതിയിട്ടിരുന്നത്. തീവ്ര ഇസ്ലാമിക ഭീകരരെ അമേരിക്കയില്‍ വേണ്ടെന്ന് പെന്‍റഗണില്‍ ഉത്തരവില്‍ ഒപ്പ് വെച്ചശേഷം ട്രംപ് പറഞ്ഞു. ‘‘നമ്മുടെ രാജ്യത്തെ പിന്തുണക്കുകയും നമ്മുടെ ജനങ്ങളെ ആഴമായി സ്നേഹിക്കുകയും ചെയ്യുന്നവരെ മാത്രമേ ഈ രാജ്യത്തേക്ക് സ്വീകരിക്കൂ. 9/11 നല്‍കിയ പാഠങ്ങളും പെന്‍റഗണില്‍ നഷ്ടമായ ധീരരെയും നമ്മള്‍ ഒരിക്കലും മറക്കില്ല. വാക്കുകള്‍ കൊണ്ടുമാത്രമല്ല, പ്രവൃത്തിയിലൂടെയും നാം അവരെ ആദരിക്കും. അതാണ് ഇന്ന് നമ്മള്‍ ചെയ്യുന്നത്’’ -പ്രസിഡന്‍റായശേഷം ആദ്യമായി പെന്‍റഗണില്‍ എത്തിയ ട്രംപ് പറഞ്ഞു.

‘വിദേശ ഭീകരര്‍ യുനൈറ്റഡ് സ്റ്റേറ്റ്സില്‍ പ്രവേശിക്കുന്നതില്‍നിന്ന് രാജ്യത്തിന് സംരക്ഷണം’ എന്ന എക്സിക്യൂട്ടിവ് ഉത്തരവാണ് ട്രംപ് പുറപ്പെടുവിച്ചത്. ഭീകരര്‍ അമേരിക്കയില്‍ പ്രവേശിക്കാതിരിക്കാന്‍ 9/11ന് ശേഷം സ്വീകരിച്ച നടപടികള്‍ പര്യാപ്തമല്ളെന്ന് ട്രംപ് പറഞ്ഞു. സന്ദര്‍ശക, വിദ്യാര്‍ഥി, തൊഴില്‍ വിസകളിലൂടെയോ അഭയാര്‍ഥി പുനരധിവാസപദ്ധതി പ്രകാരമോ അമേരിക്കയില്‍ എത്തിയ നിരവധി പേര്‍ 2001 സെപ്റ്റംബര്‍ 11നുശേഷം ഭീകരതയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് ഉത്തരവില്‍ ചൂണ്ടിക്കാട്ടി. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ മറ്റൊരു രൂപമായ ദുരഭിമാന കൊലയും ഇതര മതവിശ്വാസം പുലര്‍ത്തുന്നവരെ പീഡിപ്പിക്കുന്നതും ഉള്‍പ്പെടെ അസഹിഷ്ണുതയും വെറുപ്പും പുലര്‍ത്തുന്നവരെയും അമേരിക്കയില്‍ പ്രവേശിപ്പിക്കരുതെന്ന് ഉത്തരവില്‍ പറയുന്നു.

The post അഭയാര്‍ഥികള്‍ക്കും ഏഴ് രാജ്യങ്ങള്‍ക്കും ട്രംപിന്‍െറ വിലക്ക് .പ്രഖ്യാപിത ‘ശത്രുതാ’ നയങ്ങള്‍ നടപ്പാക്കിത്തുടങ്ങി?സിറിയയില്‍നിന്ന് അനിശ്ചിതകാലത്തേക്ക് വിലക്ക് appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20621

Trending Articles