പരിയാരം: മോഷണക്കേസുകളില്‍ പ്രതിയായ യുവാവിനെ മര്‍ദ്ദിച്ചുകൊന്ന സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. ബക്കളം പുന്നക്കുളങ്ങരയിലെ മോട്ടന്‍റകത്ത് അബ്ദുള്‍ ഖാദറിന്(38) കൊലപ്പെടുത്തിയ സംഭവത്തിലാണ് അറസ്റ്റ്. വായാട് സ്വദേശികളായ കേളോത്ത് ശിഹാബുദ്ദീന്‍(27), സി.ടി.മുഹാസ്(21), എം.അബ്ദുള്ള(25), കെ.സി.നൗഷാദ്(24), പി.വി.സിറാജ്(28) എന്നിവരെയാണ് തളിപ്പറന്പ് സിഐ കെ.ഇ.പ്രേമചന്ദ്രന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ഇന്നലെ രാവിലെ റോഡരുകില്‍ കൊലപ്പെടുത്തിയ നിലയിലാണ് ഖാദറിനെ കണ്ടെത്തിയത്. അന്നേദിവസം പുലര്‍ച്ചെ നാലോടെ വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഖാദറിനെ കാറില്‍ പിടിച്ചുകൊണ്ടു പോയി കൊലപ്പെടുത്തുകയായിരുന്നു. കാലിനും കൈകള്‍ക്കും വെട്ടേറ്റ നിലയിലുള്ള ഖാദറിന്‍റെ മൃതദേഹത്തില്‍ 42 മുറിവുകളുണ്ടെന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയ പരിയാരം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം തലവന്‍ ഡോ.ഗോപാലകൃഷ്ണപിള്ള പറഞ്ഞു.
ദേഹമാസകലം അടിയേറ്റ് ചോരവാര്‍ന്നും വലതു കൈയും ഇടതുകാലും ഒടിഞ്ഞ നിലയിലുമായിരുന്നു. ഇരുകാലുകളും കൂട്ടിക്കെട്ടിയും അടിവസ്ത്രങ്ങള്‍ മാത്രം ധരിച്ച നിലയിലുമായിരുന്നു മൃതദേഹം. മര്‍ദിച്ചവശനാക്കി റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട ഖാദറിന് ബുധനാഴ്ച്ച രാവിലെ ഏഴ് മണിവരെ ജീവനുണ്ടായതായി കരുതുന്നു. ഇദ്ദേഹത്തെ റോഡരികില്‍ കിടക്കുന്നതായി ആദ്യം കണ്ടത് പത്രവിതരണക്കാരാണെന്ന് പറയുന്നു. ഇവര്‍ മറ്റുള്ളവരെ വിവരമറിയിച്ചെങ്കിലും വന്നവരെല്ലാം ഇയാളാണെന്ന് തിരിച്ചറിഞ്ഞതോടെ സ്ഥലംവിടുകയായിരുന്നു. ചെരിഞ്ഞ് കിടന്നിരുന്ന ഖാദര്‍ ഏഴുമണിയോടെ മലര്‍ന്നുകിടക്കുന്ന ഫോട്ടോയും സാമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനു ശേഷമാകാം മരിച്ചതെന്നാണ് കരുതുന്നത്.
ധര്‍മശാല പെട്രോള്‍ പമ്പിലും റോഡരികിലും രാത്രി നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ മോഷണം നടത്തിയതിന് ജയില്‍ ശിക്ഷയനുഭവിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി വായാട് തോട്ടീക്കലില്‍ നിര്‍ത്തിയിട്ടിരുന്ന ബസിലെ സീറ്റുകള്‍ കുത്തിക്കീറിയിരുന്നുവെന്നും പറയുന്നു. ബസിന്‍െറ ഉടമസ്ഥരില്‍ ഒരാള്‍ ഭാര്യയുടെ അകന്ന ബന്ധുവായതിനാലാണത്രെ നശിപ്പിച്ചത്.വായാട്ടെ ഭാര്യവീടിനു സമീപം നിര്‍ത്തിയിടുന്ന ബസുകളുടെയും ഓട്ടോകളുടെയും സീറ്റുകള്‍ നശിപ്പിച്ചതിനും ഗ്ളാസുകള്‍ തകര്‍ത്തതിനും ഖാദറിനെതിരെ കേസുകളുണ്ട്. ഭാര്യവീട്ടുകാരോടുള്ള ദേഷ്യം കാരണം ഫയര്‍ഫോഴ്സ്, ആംബുലന്‍സ് എന്നിവയെ ഭാര്യവീട്ടിലേക്ക് തെറ്റായ സന്ദേശം നല്‍കി വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. പരിയാരം മെഡിക്കല്‍ കോളജിന് സമീപത്തുനിന്ന് ടാക്സികള്‍ വിളിച്ചുവരുത്തിയും കബളിപ്പിച്ചിരുന്നു. ഇത്തരം സംഭവങ്ങളിലും ഒട്ടേറെ കളവു കേസുകളിലും ശിക്ഷയനുഭവിച്ചിട്ടുണ്ട്
പ്രതികളുമായാണ് മുന്‍വിരോധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ശിഹാബുദ്ദീന്‍റെ പിതാവിന്‍റെ കടയും നൗഷാദിന്‍റെ ബൈക്കും ഖാദര്‍ നശിപ്പിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ എത്തിച്ചത്. പ്രതികള്‍ സഞ്ചരിച്ച കാര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
The post കണ്ണൂരില്‍ മോഷണക്കേസ് പ്രതിയെ മര്‍ദ്ദിച്ചുകൊന്ന സംഭവം: അഞ്ചു പേര്‍ അറസ്റ്റില്‍ appeared first on Daily Indian Herald.