Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20628

ചെന്നൈയില്‍ വീണ്ടും ജാഗ്രാതാ മുന്നറിയിപ്പ്;താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍;ഇരുപതിനായിരത്തോളം മരങ്ങള്‍ കടപുഴകി. നിരവധി വാഹനങ്ങള്‍ തകര്‍ന്നു; പതിനായിരത്തോളം പേര്‍ ക്യാമ്പുകളില്‍

$
0
0

ചെന്നൈ: തമിഴ്‌നാടിനെ ആശങ്കയിലാഴ്ത്തി ആഞ്ഞുവീശിയ വര്‍ധ ചുഴലിക്കാറ്റില്‍ ആയിരകണക്കിന് കോടിയുടെ നാശനഷ്ടമെന്ന് പ്രാഥമീക വിലയിരുത്തല്‍. ശക്തമായ കാറ്റില്‍ ഇരുപതിനായിരത്തിലധികം മരങ്ങളാണ് കടപുഴകിയത്. നിരവധി വ്യവയാസ സ്ഥാപനങ്ങളും വീടുകളും കാറ്റില്‍ തകര്‍ന്നു. ശക്തമായ മുന്നറിയിപ്പുകളും കടുത്ത ജാഗ്രതയുമൂലം മരണ സംഖ്യ കുറയ്ക്കാന്‍ കഴിഞ്ഞെങ്കിലും വിശദമായ വിവരങ്ങള്‍ ഇതുവരെ പുറത്ത് വന്നിട്ടില്ല.

റോഡിനു സമീപം നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്കുമേല്‍ മരങ്ങള്‍ വീഴുന്നതിന്റെയും കൊടുങ്കാറ്റില്‍ ചില വാഹനങ്ങള്‍ ‘പറന്നു’ പോവുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.130 മുതല്‍ 150 കിലോമീറ്റര്‍ വേഗതയിലാണ് ‘വര്‍ധ’ ചുഴലിക്കാറ്റ് ചെന്നൈയിലും പരിസര പ്രദേശങ്ങളിലും വീശിയടിച്ചത്. ചുഴലിക്കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണ് വീടുകളും സ്ഥാപനങ്ങളും തകര്‍ന്നു. വൈകിട്ടോടെ കാറ്റിന്റെ ശക്തി കുറഞ്ഞു. കനത്ത കാറ്റിലും മഴയിലും ചെന്നൈയുടെ വിവിധ ഭാഗങ്ങളിലായി മൂന്നു വയസുള്ള കുട്ടി ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു. ചെന്നൈയിലടക്കം റോഡുകളില്‍ മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും വൈദ്യുതിലൈനുകള്‍ക്കും വ്യാപകമായി നാശനഷ്ടമുണ്ടായി. അടുത്ത 12 മണിക്കൂര്‍ വരെ പ്രദേശത്ത് ശക്തമായ മഴ തുടരും.

പാര്‍വതി (85), കര്‍ണാ ബെഹ്റ (24), കാര്‍ത്തിക്ക് (മൂന്ന്), വൈകുണ്ഡനാഥന്‍ (42), മണി (60), രാധ (75), അമാനുള്ള (45) എന്നിവരാണ് മരിച്ചത്. കനത്ത കാറ്റിലും മഴയിലും വീടിന്റെ ചുമരും മേല്‍ക്കൂരയും ഇടിഞ്ഞുവീണാണ് ഇവരില്‍ പലരും മരിച്ചതെന്നാണ് പ്രാഥമിക വിവരം. ഒരു ഘട്ടത്തില്‍ മണിക്കൂറില്‍ 130-150 കിലോ മീറ്റര്‍ വേഗതയില്‍ ആഞ്ഞടിച്ച കാറ്റിന്റെ തീവ്രത വൈകുന്നേരത്തോടെ 15-25 കിലോമീറ്ററായി കുറഞ്ഞു. ചുഴലിക്കാറ്റ് ചെന്നൈ നഗരം കടന്നുപോയെങ്കിലും കാറ്റും മഴയും വീണ്ടും ശക്തിപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. വര്‍ധയുടെ പരിധിയിലുള്ള പ്രദേശങ്ങളില്‍ ഇപ്പോഴും മഴ തുടരുകയാണ്.

വര്‍ധ ചുഴലിക്കാറ്റ് ചെന്നൈ കടന്നെങ്കിലും കാറ്റും മഴയും വീണ്ടും ശക്തിപ്പെടാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നിലവിലുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അടുത്ത മൂന്നു മണിക്കൂറില്‍ കാറ്റിന്റെ വേഗത 60-70 കിലോമീറ്ററായി കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാല്‍ കാറ്റും മഴയും എപ്പോള്‍ വേണമെങ്കിലും ശക്തിപ്പെടാം. നാളെ വൈകിട്ട് വരെ മഴയ്ക്ക് സാധ്യതയുണ്ട്. തമിഴ്നാട്ടിലും ആന്ധ്രയിലും ദുരന്തനിവാരണ സേന രംഗത്തുണ്ട്. കര-വ്യോമ-നാവിക സേനകളും സംസ്ഥാനങ്ങളില്‍ എത്തിയിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് തമിഴ്നാട് മുഖ്യമന്ത്രി പനീര്‍ശെല്‍വത്തെ ഫോണില്‍ വിളിച്ച് സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു.ചുഴലിക്കാറ്റിനെ തുടര്‍ന്ന് അടച്ച ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കാനിടയില്ല. കാലാവസ്ഥ അനുകൂലമാണെങ്കില്‍ മാത്രമേ വിമാനത്താവളം പ്രവര്‍ത്തിക്കാന്‍ സാധ്യതയുള്ളൂ. ചെന്നൈയില്‍ നിന്നുള്ള ട്രെയിന്‍ ഗതാഗതവും താറുമാറായ അവസ്ഥയിലാണ്. ചെന്നൈയില്‍ നിന്ന് കേരളത്തിലേക്ക് ഉള്ളത് ഉള്‍പ്പെടെ നിരവധി ട്രെയിനുകള്‍ ഭാഗികമായോ പൂര്‍ണമായോ റദ്ദാക്കിയിട്ടുണ്ട്.

നേരത്തെ, ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട വര്‍ധ ചുഴിക്കാറ്റ് മണിക്കൂറില്‍ നൂറ്റിമുപ്പതുമുതല്‍ നൂറ്റിയന്‍പത് കിലോമീറ്റര്‍ വരെ വേഗത്തിലാണ് കരയിലെത്തിയത്. ഉച്ചയ്ക്ക് ഒന്നരയോടെ കരയിലെത്തിയ കാറ്റ് രണ്ടു മണിക്കൂറോളം അതിശക്തമായി തുടര്‍ന്നു. മുഖ്യമന്ത്രി ഒ.പനീര്‍സെല്‍വത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അടിയന്തരമായി യോഗം ചേര്‍ന്നു സ്ഥിതിഗതികള്‍ വിലയിരുത്തി. ചെന്നൈ മുതല്‍ ആന്ധ്രയിലെ നെല്ലൂര്‍വരെയുള്ള പ്രദേശത്തുകൂടിയാണ് ചുഴലിക്കാറ്റ് കടന്നുപോകുന്നത്. സമീപ ജില്ലകളിലും കനത്ത മഴ തുടരുകയാണ്. തമിഴ്നാട്, ആന്ധ്ര, പുതുച്ചേരി തീരങ്ങള്‍ അതീവജാഗ്രതയിലാണ്.

ആന്ധ്രയുടെ തീരപ്രദേശങ്ങളില്‍ കഴിയുന്ന 9,400ല്‍ അധികം പേരെ മാറ്റിപ്പാര്‍പ്പിച്ചു. വിവിധയിടങ്ങളിലായി 266 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. ഇതില്‍ 95 എണ്ണം പ്രവര്‍ത്തനം ആരംഭിച്ചു. ഇതുവരെ ഏതാണ്ട് 8000 ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. 10,754 ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തിട്ടുണ്ടെന്നുമാണ് വിവരം. കപ്പലുകളടക്കമുള്ള രക്ഷാസംവിധാനങ്ങള്‍ തയാറാക്കിയിട്ടുണ്ട്.
ദേശീയ ദുരന്തനിവാരണസേനയുടെ 19 സംഘങ്ങളെ തമിഴ്നാട്ടിലും ആന്ധ്രപ്രദേശിലുമായി വിന്യസിച്ചിട്ടുണ്ട്. ആവശ്യമായ അളവില്‍ ഭക്ഷണസാധനങ്ങളും അവശ്യവസ്തുക്കളും ശേഖരിച്ചിട്ടുണ്ടെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡു വ്യക്തമാക്കി. അടുത്ത 36 മണിക്കൂറുകള്‍ കടലിലേക്ക് പോകരുതെന്ന് മല്‍സ്യത്തൊഴിലാളികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ചെന്നൈയുള്‍പ്പെടെ മൂന്നു വടക്കന്‍ ജില്ലകളിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് അവധിയോ, വീട്ടില്‍ ഇരുന്നു തന്നെ ജോലി ചെയ്യാനുള്ള സൗകര്യമോ നല്‍കിയിട്ടുണ്ട്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ആയിരക്കണക്കിന് ആളുകളെ ദുരിദാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. തമിഴ്നാട്-ആന്ധ്ര സംസ്ഥാനങ്ങളിലായി 54 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്.

ചുഴലിക്കാറ്റ് കരയില്‍ പ്രവേശിച്ചതിനെ തുടര്‍ന്നുള്ള അടിയന്തര സാഹചര്യം നേരിടാനും രക്ഷാപ്രവര്‍ത്തനത്തിനുമായി തീരരക്ഷാസേന നാലു കപ്പലുകളും ആറു നിരീക്ഷണ യാനങ്ങളും സജ്ജമാക്കി. പുറമേ, നാലു ഡ്രോണിയര്‍ നിരീക്ഷണ വിമാനങ്ങളും രണ്ടു ചേതക് ഹെലികോപ്റ്ററുകളും ഒരുക്കിനിര്‍ത്തിയിട്ടുണ്ട്. ആന്ധ്രയുടെ തീരത്തു രക്ഷാപ്രവര്‍ത്തനത്തിനായി തീരരക്ഷാസേനയുടെ ഒരു കപ്പല്‍ ഇപ്പോള്‍ തന്നെയുണ്ട്. സംസ്ഥാനത്തെ ദുരന്തനിവാരണ സേനയുമായി ഏകോപിപ്പിച്ചാണു തീരരക്ഷാ സേനയുടെ പ്രവര്‍ത്തനം.


Viewing all articles
Browse latest Browse all 20628

Trending Articles