സ്വന്തം ലേഖകൻ
തിരുവനന്തപുരം: കാമുകൻ മറ്റൊരു പെൺകുട്ടിയുമായി വിവാഹം ഉറപ്പിച്ചതറിഞ്ഞെത്തിയ യുവതി യുവാവിന്റെ വീട്ടിൽ സത്യാഗ്രഹം നടത്തിയത് മൂന്നു ദിവസം. യുവാവിന്റെ മാതാപിതാക്കൾ സ്ഥലത്തില്ലാതിരുന്നതിനെ തുടർന്നാണ് യുവതി മൂന്നു ദിവസത്തോളം വീടിനുള്ളിൽ കുത്തിയിരുന്നത്. മൂന്നാം ദിവസം യുവാവിന്റെ മാതാപിതാക്കൾ സ്ഥലത്തെത്തിയതോടെയാണ് സംഭവം കൈവിട്ടു പോയത്. യുവാവിന്റെ മാതാവും സുഹൃത്തുക്കളായ സ്ത്രീകളും ചേർന്ന് ചൂലിനു യുവതിയെ അടിച്ചോടിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച നെയ്യാറ്റിൻകരയ്ക്കു സമീപത്തായിരുന്നു സംഭവം. കോട്ടയം സ്വദേശിയായ യുവതിയും ടെക്‌നോപാർക്കിൽ എൻജിനീയറായ നെയ്യാറ്റിൻകര സ്വദേശിയായ യുവാവും തമ്മിൽ നാലു വർഷത്തോളമായി അടുപ്പത്തിലായിരുന്നു. വർക്കലയിലെ സ്വകാര്യ കോളജിൽ പഠിക്കുന്നതിനിടെയാണ് ഇരുവരും തമ്മിൽ പ്രണയത്തിലായത്. ഇരുവരും രണ്ടു മത വിഭാഗത്തിൽപ്പെട്ടവരായതുകൊണ്ടു തന്നെ ആദ്യം മുതൽ തന്നെ ഇരുവീട്ടുകാർക്കും ബന്ധത്തിൽ എതിർപ്പായിരുന്നു. ഇതിനിടെ യുവാവ് മൊബൈൽ ഫോൺ നമ്പർ മാറുകയും, ടെക്‌നോപാർക്കിലെ ജോലി രാജിവയ്ക്കുകയും ചെയ്തു. ഇയാൾക്കു ബാംഗ്ലൂരിൽ മറ്റൊരു കമ്പനിയിൽ ജോലി ശരിയാക്കിയിരുന്നു. ഇതോടൊപ്പം മറ്റൊരു പെൺകുട്ടിയുമായി യുവാവിന്റെ വിവാഹം വീട്ടുകാർ ഉറപ്പിക്കുകയും ചെയ്തിരുന്നു. ഡിസംബർ ആദ്യവാരം വിവാഹം നടത്താനായിരുന്നു വീട്ടുകാർ ആലോചിച്ചിരുന്നത്.
ഇതിനിടെയാണ് കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി യുവതി യുവാവിന്റെ വീട്ടിൽ എത്തിയത്. യുവാവിന്റെ അച്ഛനും അമ്മയും കോഴിക്കോട് ബന്ധുവിന്റെ മരണാനന്തരചടങ്ങിൽ പങ്കെടുക്കുന്നതായി പോയ സമയത്തായിരുന്നു സംഭവം. തുടർന്നു യുവാവ് ഇരുവർക്കു ഒപ്പം പഠിച്ചിരുന്ന സുഹൃത്തുക്കളെ അടക്കം വിളിച്ചു വരുത്തി പ്രശ്‌നപരിഹാരത്തിനു ശ്രമിച്ചെങ്കിലും ഇവർ തയ്യാറായില്ല. തുടർന്നാണ് യുവതി വീടിനുള്ളിലെ ഹാളിൽ കുത്തിയിരുപ്പു സത്യാഗ്രഹം ആരംഭിച്ചത്. പിറ്റേന്ന് വൈകുന്നേരമായതോടെ അയൽവാസികൾ വിവരം അറിയുകയും സംഭവം വിവാദമാകുകയും ചെയ്തു. ഇതോടെ യുവാവിന്റെ ബന്ധുക്കൾ അടക്കമുള്ളവർ സ്ഥലത്തെത്തി. ഇവരും സംസാരിച്ചെങ്കിലും പെൺകുട്ടി മടങ്ങിപ്പോകാൻ തയ്യാറായില്ല.
പിറ്റേന്ന് രാവിലെയാണ് യുവാവിന്റെ മാതാപിതാക്കൾ സ്ഥലത്ത് എത്തുന്നത്. തുടർന്നു പെൺകുട്ടിയെ അനുനയിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും പെൺകുട്ടി തയ്യാറായില്ല. ഇതിനിടെ യുവതിയും യുവാവിന്റെ മാതാവും തമ്മിലുള്ള വാക്കേറ്റം സംഘർഷത്തിലേയ്ക്കു കടക്കുകയായിരുന്നു. മകനും ഒത്തുള്ള അശ്ലീല വീഡിയോ തന്റെ കയ്യിലുണ്ടെന്നും, തന്നെ വിവാഹം കഴിച്ചില്ലെങ്കിൽ ഇത് പുറത്തു വിടുമെന്നുമായിരുന്നു യുവതിയുടെ ഭീഷണി. യുവാവിന്റെ മാതാവിനെ യുവതി പിടിച്ചു തള്ളി. ശക്തിയായ തള്ളലിൽ തെറിച്ചു വീണ മാതാവ് തിരികെ ചൂലുമായാണ് എത്തിയത്. ചൂല് ഉപയോഗിച്ചു ഇവർ യുവതിയെ അടിച്ചു. തടയാൻ ശ്രമിച്ച യുവതിയെ ഇവരുടെ സുഹൃത്തുക്കളായ മറ്റു സ്ത്രീകളും അടിച്ചു. അടികൊണ്ട യുവതി ഒടുവിൽ വീട്ടിൽ നിന്നും ഓടിരക്ഷപെട്ടു. തുടർന്നു പൊലീസിൽ പരാതി നൽകി. എന്നാൽ, തങ്ങളുടെ വീട്ടിൽ യുവതി അതിക്രമിച്ചു കയറിയതായി കാട്ടി വീട്ടുകാരും പരാതി നൽകിയിരുന്നു. തുടർന്നു പഞ്ചായത്ത് അംഗങ്ങളുടെ സാന്നിധ്യത്തിൽ പ്രശ്‌നം ഒത്തു തീർക്കുകയായിരുന്നു. യുവതിയുടെ ബന്ധുക്കളെയും വിളിച്ചു വരുത്തിയിരുന്നു. യുവതിയുടെ അച്ഛൻ കൃഷി വകുപ്പ് ഉദ്യോഗസ്ഥനാണ്. അമ്മ അധ്യാപികയും.