എറണാകുളം: കൊച്ചി നഗരത്തിലെ ഗുണ്ടകളെയും ക്രിമിനലുകളെയും അമര്‍ച്ച ചെയ്യാന്‍ ഉണ്ടാക്കിയ പ്രത്യേക സേനയായ സിറ്റി ടാസ്‌ക് ഫോഴ്‌സിന് (സിടിഎഫ്) മേല്‍നോട്ടം വഹിക്കുന്നത് ക്രിമിനല്‍ കേസില്‍ പ്രതിയായ റേഞ്ച് ഐജി ശ്രീജിത്ത്.എറണാകുളം ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഇപ്പോള്‍ വിചാരണയിലിരിക്കുന്ന വസ്തു തട്ടിപ്പ് കേസിലെ (സിസിനം.695/2008) ഒന്നാം പ്രതിയാണ് ഐജി.
ഇടക്കൊച്ചി സ്വദേശി പി വി വിജുവിന്റെ എറണാകുളം വെണ്ണല ജനതാ റോഡിലെ ഭൂമി കയ്യേറിയതുമായി ബന്ധപ്പെട്ടാണ് അന്ന് കോട്ടയം എസ്പിയായിരുന്ന ശ്രീജിത്തിനെ പ്രതിയാക്കി കേസെടുത്തിരുന്നത്.ശ്രീജിത്തിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ച ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് സംഭവത്തില്‍ നടപടിയെടുക്കാന്‍ സര്‍ക്കാരിനോട് ഉത്തരവിടുകയും ചെയ്തിരുന്നു.
നിരവധി വിവാദങ്ങളില്‍ നായകനായ ഈ ഐപിഎസ് ഓഫീസര്‍ ഒടുവില്‍ വിവാദ വ്യവസായിയുമായി ബന്ധപ്പെട്ട് നിയമ വിരുദ്ധമായ പ്രവര്‍ത്തി നടത്തിയതിന് സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡും ചെയ്യപ്പെട്ടിരുന്നു.കോഴിക്കോട് സ്വദേശി മോഹന്‍രാജിന്റെ കുടകിലെ ഭൂമി തട്ടിയെടുക്കാന്‍ ഒത്താശ ചെയ്ത് കൊടുത്തതിനും സഹപ്രവര്‍ത്തകനായ ഡിവൈഎസ്പിയെ കൈക്കൂലി കേസില്‍ കുടുക്കാന്‍ ശ്രമിച്ചതിനുമായിരുന്നു സസ്‌പെന്‍ഷന്‍.
വിവാദ വ്യവസായിയുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതിയില്‍ സത്യവാങ് മൂലം നല്‍കിയ സംസ്ഥാന പൊലീസ് മേധാവി കടുത്ത നിയമവിരുദ്ധ പ്രവര്‍ത്തിയാണ് ശ്രീജിത്ത് ചെയ്തതെന്ന് വ്യക്തമാക്കിയിരുന്നു.ആഭ്യന്തര സെക്രട്ടറിയുടെ അനുമതി പ്രകാരം നടത്തിയ ഫോണ്‍ ചോര്‍ത്തലിന്റെ ഭാഗമായും വിജിലന്‍സ് കോഴിക്കോട് റെയ്ഞ്ച് എസ്പി നല്‍കിയ മൊഴിപ്രകാരവുമായിരുന്നു ശ്രീജിത്തിനെതിരായ നടപടി.
ഉദ്യോഗക്കയറ്റം ലഭിക്കുന്നതിനായി ഗുരുതര ശിക്ഷാ നടപടികള്‍ മറികടന്ന് നിയമവിരുദ്ധമായി ശ്രീജിത്തിനെ സഹായിച്ചവര്‍ക്കെതിരെ നിലവില്‍ വിജിലന്‍സ് ഡയറക്ടറുടെ നേതൃത്വത്തില്‍ അന്വേഷണവും നടക്കുന്നുണ്ട്.ഐജിയുടെ ഗുണ്ടാ ബന്ധം ആരോപിച്ചും ഗുണ്ടാകളുടെ വിളയാട്ടത്തിനെതിരെയും കഴിഞ്ഞ ദിവസം നിയമസഭയില്‍ പിടി തോമസ് എംഎല്‍എ ആഞ്ഞടിച്ചിരുന്നു.
തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഗുണ്ടകളെ അമര്‍ച്ച ചെയ്യാന്‍ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിക്കുമെന്ന് അറിയിച്ചിരുന്നു.ഇതിന് ശേഷമാണ് ആരോപണ വിധേയനായ ഐജി തന്നെ മുന്‍കൈ എടുത്ത് സിറ്റിടാസ്‌ക് ഫോഴ്‌സ് എന്ന ഗുണ്ടാവിരുദ്ധ സേന രൂപീകരിച്ചത്.
അതേസമയം വിവാദ നായകനായ ഐജിയുടെ മേല്‍നോട്ടത്തില്‍ ഗുണ്ടാവിരുദ്ധ സേന രൂപീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്നും ലഭിക്കുന്ന വിവരം.ശ്രീജിത്തിന്റെ സ്വയം പ്രഖ്യാപിത ചുമതല വിവാദമായ പശ്ചാത്തലത്തില്‍ സംസ്ഥാനതലത്തില്‍ ഗുണ്ടാവിരുദ്ധ സ്‌ക്വാഡിന് എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന് ചുമതല നല്‍കി ഡിജിപി ഉത്തരവിട്ടു.മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണിത്.
ജില്ലകളില്‍ എസ്പി റാങ്കിലുളള ഉദ്യോഗസ്ഥനായിരിക്കും ഗുണ്ടാവിരുദ്ധ സ്‌ക്വാഡിന്റെ ചുമതലയെന്നും ഡിജിപി ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.ഇതോടെ കൊട്ടിഘോഷിച്ച പുതിയ പോസ്റ്റില്‍ അപ്രസക്തനായിരിക്കുകയാണ് ഐജി