മലയാളത്തില്‍ ഇനിയും ബോക്‌സ്ഓഫീസില്‍ 100 കോടി നേടുന്ന ഒരു ചിത്രം പിറന്നിട്ടില്ല. പക്ഷേ ഏറെക്കാലം ആ റെക്കോര്‍ഡ് മോളിവുഡില്‍ നിന്ന് അകന്നുനില്‍ക്കാന്‍ സാധ്യതയില്ല.2013 ക്രിസ്മസ് റിലീസായി എത്തിയ ജീത്തു ജോസഫിന്റെ മോഹന്‍ലാല്‍ ചിത്രം ദൃശ്യമാണ് എല്ലാ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടും മലയാളത്തിനും ബോക്‌സ്ഓഫീസില്‍ മുന്നേറാമെന്ന് തെളിയിച്ചത്. മൂന്ന് വര്‍ഷങ്ങള്‍ പിന്നിടുമ്പൊഴും ഏറ്റവും കളക്ഷന്‍ നേടുന്ന മലയാളചിത്രം ദൃശ്യം തന്നെയാണ്. 68.15 കോടിയാണ് ദൃശ്യത്തിന്റെ ആജീവനാന്ത ബോക്‌സ്ഓഫീസ് കളക്ഷന്‍.
പക്ഷേ ദൃശ്യത്തിന്റെ റെക്കോര്‍ഡ് അധികദിവസം തുടരില്ല. വൈശാഖിന്റെ മോഹന്‍ലാല്‍ ചിത്രം പുലിമുരുകനാണ് ദൃശ്യത്തിന്റെ റെക്കോര്‍ഡ് ഏറെ വൈകാതെ തകര്‍ക്കപ്പെടുമെന്ന് കരുതപ്പെടുന്ന മലയാളചിത്രം. ഒക്ടോബര്‍ ഏഴിന് തീയേറ്ററുകളിലെത്തിയ ചിത്രം രണ്ടാഴ്ചയ്ക്കുള്ളില്‍ നേടിയത് 60 കോടിക്ക് മുകളില്‍! കേരളത്തിലെ റിലീസിംഗ് സെന്ററുകളില്‍ അവധി ദിവസങ്ങളില്‍ ഇപ്പോഴും ഹൗസ്ഫുള്‍ ബോര്‍ഡുകള്‍ തൂങ്ങുന്നുണ്ട് പുലിമുരുകന്. കേരളത്തിന് പുറത്തുള്ള സെന്ററുകളിലും മികച്ച പ്രതികരണം. ഇത് കൂടാതെയാണ് ഗള്‍ഫ്, യുഎസ്, യൂറോപ്പ് റിലീസുകള്‍. യുഎസ്, യൂറോപ്പ് ഏരിയയില്‍ അടുത്തയാഴ്ചയാണ് പുലിമുരുകന്‍ റിലീസ്. യൂറോപ്പില്‍ 150 സ്‌ക്രീനുകളിലാണ് ചിത്രം എത്തുക. യൂറോപ്പില്‍ ഒരു മലയാളചിത്രത്തിന് ലഭിക്കുന്ന ഏറ്റവുമധികം സ്‌ക്രീനുകളാണ് ‘മുരുകന്’ ലഭിച്ചിരിക്കുന്നത്. നവംബര്‍ 3ന് ചിത്രം ഗള്‍ഫിലുമെത്തും. ഈ കളക്ഷനുകള്‍ കൂടി പരിഗണിക്കുമ്പോള്‍ മലയാളത്തില്‍ 100 കോടി പിന്നിടുന്ന ആധ്യചിത്രമാവാന്‍ പുലിമുരുകന് സാധിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടല്‍.
ആര്‍.എസ്.വിമലിന്റെ പൃഥ്വിരാജ് ചിത്രം എന്ന് നിന്റെ മൊയ്തീന്‍ (62 കോടി), ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, നിവിന്‍ പോളി എന്നിവര്‍ക്കൊപ്പം നസ്രിയ, പാര്‍വതി, ഇഷ തല്‍വാര്‍ എന്നിവരെത്തിയ അഞ്ജലി മേനോന്‍ ചിത്രം ബാംഗ്ലൂര്‍ ഡെയ്‌സ് (52 കോടി), ദിലീപും മംമ്ത മോഹന്‍ദാസും ഷാഫിയുടെ സംവിധാനത്തിലെത്തിയ 2 കണ്‍ട്രീസ് (50.85 കോടി), ഇപ്പോഴും തീയേറ്ററുകളില്‍ തുടരുന്ന പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ടീമിന്റെ ഒപ്പം എന്നിവയാണ് 50 കോടി പിന്നിട്ട മലയാളസിനിമകള്‍.